തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീട്ടിലെത്തിച്ച് തുടങ്ങി. പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ഇവ എത്തിച്ചുകഴിഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവന്‍ കുട്ടികള്‍ക്കുമായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും നിര്‍മ്മിച്ച മാസ്കുകള്‍ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും കോവിഡ് പ്രതിരോധ വാര്‍ഡ്തല സമിതിയുടേയും മറ്റ് വളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കോവിഡ് പ്രതിരോധ മാര്‍ഗരേഖയും കുട്ടികള്‍ക്ക് നല്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ കുട്ടിയും അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളും പരീക്ഷാകേന്ദ്രത്തില്‍ പാലിക്കേണ്ട ചിട്ടകളും ഈ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളില്‍ എസ്എസ്കെയുടെ പ്രവര്‍ത്തകരെ സന്നദ്ധ പ്രവര്‍ത്തനത്തിന് നിയോഗിക്കും. കുട്ടികള്‍ മാസ്ക് മറന്നു പോയിട്ടുണ്ടെങ്കില്‍ അത് നല്‍കാനും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സാനിറ്റൈസര്‍ സോപ്പ് എന്നിവയുടെ വിതരണത്തിനും തെര്‍മല്‍ സ്കാനിംഗ് നടത്തുന്നതിനും ഇവര്‍ സ്കൂളധികൃതരെ സഹായിക്കും.
പരീക്ഷാ ചീഫ് സൂപ്രണ്ട്, ഡപ്യൂട്ടി ചീഫ് സുപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്നതിനും സമഗ്ര ശിക്ഷ നേതൃത്വം നല്‍കും. സംസ്ഥാനതലം മുതല്‍ സിആര്‍സി തലം വരെ വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Discussion about this post