കൊല്ലം: കൊല്ലം അഞ്ചൽ ഏറം സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ് സൂരജിന്റേയും സുഹൃത്തിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സൂരജിന്റെ സുഹൃത്തും പാമ്പുകളെ നൽകുകയും ചെയ്ത കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് അറസ്റ്റിലായ രണ്ടാമനെന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു. സുരേഷ് പാമ്പു പിടുത്തക്കാരനാണ്. ഇയാളാണ് സൂരജിന് പാമ്പിനെ കൈമാറിയത്. കൊലപാതകത്തിനായാണ് പാമ്പിനെ സൂരജ് കൊണ്ടുപോകുന്നത് എന്ന് ഇയാൾക്ക് അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കിയിരുന്നു. ആ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ അടൂരിലെ വീട്ടിൽ വെച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചു. അന്ന് പാമ്പു കടിയേറ്റതിനെ തുടർന്ന് ഉത്ര ദീർഘകാലം ചികിത്സയിലായിരുന്നു. ഏപ്രിൽ 22നാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര പോകുന്നത്.
അണലിയെ ഉപയോഗിച്ചുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ സൂരജ്, ഉത്ര വീട്ടിലെത്തിയ രണ്ടാംദിവസം(മാർച്ച് 24ന്) സുരേഷുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിനെ വാങ്ങി. പിന്നീട് അവസരത്തിനായി കാത്തിരുന്നു. കട്ടിലിന്റെ അടിയിൽ ബാഗിനുള്ളിൽ ഒരു ഡബ്ബയിലാക്കിയാണ് മൂർഖനെ സൂക്ഷിച്ചിരുന്നത്.
Discussion about this post