കൊല്ലം: കൊല്ലം അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25)യെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് ഏറ്റുപറഞ്ഞ് ഭർത്താവ് സൂരജ്. ഇടയ്ക്ക് മാനസിക പ്രശ്നങ്ങൾ കാണിച്ചിരുന്ന ഉത്രയെ ഇല്ലാതാക്കി കുറച്ചുകൂടി മെച്ചപ്പെട്ട മറ്റൊരു വിവാഹജീവിതം ആഗ്രഹിച്ചിരുന്നെന്നാണ് സൂരജിന്റെ മൊഴി. രണ്ടു തവണ പാമ്പ് കടിക്കുന്നത് നോക്കി നിന്നെന്നും ഉത്ര മരിച്ചെന്ന് ഉറപ്പാക്കുക മാത്രമല്ല, തന്നെ പാമ്പു കടിക്കാതിരിക്കാൻ രാവിലെ വരെ മുറിയിൽ ഉറങ്ങാതെയിരുന്നതായും സൂരജ് പോലീസിനു മൊഴി നൽകി.
ഇയാൾക്കു രണ്ടുതവണ പാമ്പിനെ നൽകിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്യും. കൊലപാതകത്തിനു വേണ്ടിയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു. അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.
കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനും സൂരജ് ശ്രമിച്ചു. ഉത്രയുടെ ഒരു ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു മൊഴി. എന്നാൽ ചോദ്യം ചെയ്യലിൽ അതിനെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചില്ല. കൂടുതൽ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.
അതേസമയം, അടൂർ പറക്കോട് സ്വദേശിയായ സൂരജിന്റെ വീട്ടിൽവച്ചും പിന്നീട് ഉത്രയുടെ വീട്ടിൽവച്ചും പാമ്പിനെക്കൊണ്ടു കടിപ്പിച്ചത് ആസൂത്രിതമായാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഉത്രയെ ജീവിതത്തിൽനിന്നൊഴിവാക്കി മറ്റൊരു ജീവിതം സൂരജ് ലക്ഷ്യമിട്ടിരുന്നതായാണു വിവരം. ഇതിനു വേണ്ടി ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷിൽനിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച് മാർച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച് ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിപ്പിച്ചും മരണം ഉറപ്പാക്കാൻ സൂരജ് ശ്രമിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് ഏപ്രിൽ 24നാണ് വീണ്ടും കരിമൂർഖനെ വാങ്ങിയത്. രണ്ടു തവണയായി 5000 രൂപ വീതം സുരേഷിനു നൽകി. അടൂരിലെ വീട്ടിൽ സൂക്ഷിച്ച മൂർഖനുമായി മേയ് ആറിന് വൈകിട്ട് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി. വലിയ ബാഗിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചായിരുന്നു പാമ്പിനെ എത്തിച്ചത്. മേയ് 6ന് അർധരാത്രി പന്ത്രണ്ടോടെയാണ് ഇരുവരും ഉറങ്ങാൻ കിടന്നത്. ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണർന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലർച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ കൈകാര്യം ചെയ്തു പരിചയമുള്ള സൂരജ് ഇതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു. കടിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ആട്ടിയകറ്റി.
മുറിയിലെത്തന്നെ വസ്ത്രങ്ങൾവച്ച അലമാരയുടെ ഭാഗത്തേക്കു പോയ പാമ്പ് തിരികെ വരുന്നുണ്ടോയെന്നറിയാൻ സൂരജ് ഉറക്കമിളച്ചു കാത്തിരുന്നു. പിന്നീട് ആറു മണിയോടെ പുറത്തിറങ്ങി. ഉത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു.
Discussion about this post