കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ബാധിച്ച് മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന വയനാട് കൽപ്പറ്റ സ്വദേശിനി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് ആമിനയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്.
ദുബായിയിൽനിന്ന് അർബുദ ചികിത്സയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭർത്താവിന്റെ സ്രവപരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇതിനിടെ, കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഞായറാഴ്ച മരിച്ച യുവാവ് ചെന്നൈയിൽ നിന്നെത്തിയതായിരുന്നു. വാടിക്കൽ സ്വദേശി റിബിൻ ബാബു (18) ആണ് പനിയും ചർദ്ദിയും ഉണ്ടായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. നേരത്തേ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. മരണ കാരണം ഹൃദയാഘാതം ആണെന്നാണു പറയുന്നത്. മരണ ശേഷം സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
Discussion about this post