മട്ടന്നൂര്‍: കണ്ണൂരിലെ സാമൂഹ്യവിരുദ്ധരുടെ ക്രൂരതയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാലിന്യ ശുചീകരണ തൊഴിലാളികള്‍. കണ്ണൂര്‍ മട്ടന്നൂരില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യ കൂമ്പാരത്തില്‍ വിഷ പാമ്പിനെ ചാക്കില്‍ കെട്ടി തളളുകയായിരുന്നു. തലനാരിഴയ്ക്കാണ് ശുചീകരണ തൊഴിലാളികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മട്ടന്നൂര്‍ മരുതായി റോഡിലായിരുന്നു സംഭവം.
വഴിയരികില്‍ നിക്ഷേപിച്ച മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിനകത്താക്കിയ നിലയിലായിരുന്നു പാമ്പ്. മാലിന്യം നീക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ ചാക്കിന്റെ കെട്ടഴിച്ചതോടെ വിഷ പാമ്പ് പുറത്തേക്ക് ചാടി.
കെട്ടഴിച്ച ശുചീകരണത്തൊഴിലാളികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പാമ്പിനെ വീണ്ടും ചാക്കിലാക്കി നഗരസഭ ഓഫീസ് പരിസരത്തേക്ക് മാറ്റുകയായിരുന്നു. നഗരസഭ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പിലെ റാപിഡ് റെസ്‌പോന്‍സ് റെസ്‌ക്യു വിംഗ് സ്ഥലത്തെത്തി പാമ്പിനെ വനത്തിലേക്ക് മാറ്റി.
സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post