പാറശ്ശാല; മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും എടുത്ത് അമ്മ തീവണ്ടിക്ക് മുന്നില്‍ ചാടി. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പാറശ്ശാല മുര്യങ്കര വെട്ടുവിള വീട്ടില്‍ അമ്പിളി (19) യാണ് മൂന്നുമാസം പ്രായമുള്ള മകള്‍ ആച്ചിയുമായി തീവണ്ടിക്കു മുന്നില്‍ ചാടിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നര മണിയോട് കൂടി പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ബോഗിയുമായി പോവുകയായിരുന്ന തീവണ്ടിക്ക് മുന്നിലേക്ക് അമ്പിളി കൈക്കുഞ്ഞുമായി ചാടിയത്. തീവണ്ടി വളരെ കുറഞ്ഞ വേഗതയില്‍ സ്റ്റേഷന്‍ കടന്നു പോകുമ്പോഴാണ് അപകടം. യുവതി കുഞ്ഞുമായി പാളത്തിന് സമീപത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വീണ്ടും വേഗത കുറച്ചെങ്കിലും യുവതി തീവണ്ടിക്ക് മുന്നിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു.
തീവണ്ടി തട്ടിയ ആഘാതത്തില്‍ കുഞ്ഞ് ട്രാക്കിന് പുറത്തേക്ക് തെറിച്ചുവീണു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇരുവരെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് അമ്പിളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുഞ്ഞിനെ എസ്എടി ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ അധികം വൈകാതെ തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
Discussion about this post