കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം.
എത്ര ഉറക്കത്തിലാണെങ്കിലും പാമ്പുകടിയേറ്റാല്‍ അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള ആള്‍ ഉണരും വാവ സുരേഷ് പറയുന്നു. ഗുളിക കഴിക്കുന്ന ആളാണെങ്കില്‍ പാമ്പ് കടിയേറ്റാലും അറിയണമെന്നില്ല. അല്ലാത്ത പക്ഷം എത്ര ഉറത്തിലുള്ളവരും അത് അറിയും.
ഉത്ര കിടന്നത് മുകളിലത്തെ നിലയിലാണ്. ജനല്‍ വഴി പാമ്പ് കയറാനുള്ള സാധ്യത കുറനാണ്. എസി മുറിയിലും പാമ്പ് കയറാന്‍ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകള്‍ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകള്‍ എത്തിയേക്കാമെന്നും വാവ സുരേഷ് പറഞ്ഞു.
മുന്‍പ് യുവതിയെ കടിച്ചത് അണലി ആയിരിക്കണമെന്നില്ല. അണലിയാണ് കടിക്കുന്നതെങ്കില്‍ വയറിന് വേദന, മൂത്ര തടസം ഉള്‍പ്പെടെ അനുഭവപ്പെടാം. യുവതിക്ക് ചികിത്സ വൈകിയെന്ന ആരോപണമുണ്ട്. അണലിയാണ് കടിക്കുന്നതെങ്കില്‍ ചികിത്സ വൈകുന്നത് അനുസരിച്ച് മരണ സാധ്യത കൂടുതലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.
പാമ്പിനെ യുവതിയുടെ ഭര്‍ത്താവ് ബാഗില്‍ കൊണ്ടുവന്നുവെന്ന ആരോപണത്തോടും വാവ സുരേഷ് പ്രതികരിച്ചു. പാമ്പിനെ കൈകൊണ്ട് എടുക്കണമെങ്കില്‍ അയാള്‍ പാമ്പ് പിടിക്കുന്ന ആളായിരിക്കണം. അല്ലെങ്കില്‍ അയാള്‍ക്ക് പാമ്പ് പിടിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. ഈ സാധ്യതകളും പരിശോധിക്കേണ്ടതാണെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.