തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രെക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേരള ഹൈക്കോടതി നീക്കി. ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാര്‍കൂടത്തില്‍ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്.
അതേസമയം ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ്. അപകടസാധ്യത മുന്നില്‍ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയര്‍ന്നിരുന്ന വാദങ്ങള്‍.
ട്രെക്കിങ്ങിന് സര്‍ക്കാര്‍ തയ്യാറാക്കിയ ഗൈഡ്ലൈന്‍ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ട്രെക്കിങ്ങിന് സ്ത്രീകളെ അനുവദിക്കരുതെന്നുള്ള കാണി ആദിവാസി വിഭാഗത്തിന്റെയും ട്രെക്കിങിന് സ്ത്രീകളെ അനുവദിക്കണമെന്ന വിവിധ വനിതാ സംഘടനകളുടെയും ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി.
വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു.
യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകള്‍ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്നാട്ടിലെ കളക്കാട്, മുണ്ടന്തുറ കടുവസങ്കേതം എന്നീ വനമേഖലകള്‍ അതിരിടുന്ന പ്രദേശമാണ്.
Discussion about this post