കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത രണ്ട് ദിവസത്തിനകം നീക്കുമെന്ന് പോലീസ്. സംഭവത്തിലെ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വ്യക്തമാകുമെന്നും നിലവിൽ ക്രൈംബ്രാഞ്ച് കേസിൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചൽ സിഐ പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ അഞ്ചൽ എസ്‌ഐയാണ് കേസ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചോദ്യംചെയ്യലൊന്നും ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. രണ്ട് ദിവസത്തിനകം കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാമ്പ് കടിയേറ്റത് ഉത്ര അറിഞ്ഞില്ല എന്നതിനെ സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ഉറക്കത്തിൽ യുവതിക്ക് പാമ്പ് കടിയേൽക്കുമ്പോൾ തുടക്കത്തിൽ വേദന അറിഞ്ഞില്ലെങ്കിൽ പോലും പിന്നീട് ഉണ്ടാകുന്ന വേദന അറിയേണ്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധനായ ഡോ. ജമാൽ (ഇന്റേണൽ മെഡിസിൻ, ആസ്റ്റർ ഹോസ്പിറ്റൽ, ഒമാൻ) പ്രതികരിച്ചു. എന്നാൽ മയങ്ങാനുള്ള മരുന്നോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകാം. അങ്ങനെ വല്ലതും നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകേണ്ടതാണ്. അണലി, മൂർഖന് തുടങ്ങിയ പാമ്പുകൾ കടിച്ചാല് ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണെന്നും ഡോക്ടർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
പാമ്പ് കടിയേറ്റ് ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യുടെ മരണത്തിൽ പലതരത്തിലുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ചില സിനിമകളിലെ പോലെ യുവതിയെ ബന്ധിച്ച് പാമ്പ് കടിയേൽപ്പിച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. യുവതിയുടെ ഭർത്താവ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണെന്ന ആരോപണവും ഇതിന് ബലം പകരുന്നുണ്ട്.
വീട്ടിനുള്ളിൽ വെച്ച് ഉത്രയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛന് വിശ്വസേനനും അമ്മ മണിമേഖലയും പോലീസിൽ പരാതി നൽകിയത്. മേയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അരികിൽ കിടന്നുറങ്ങിയിരുന്ന ഭർത്താവ് സംഭവമൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് ഉത്രയുടെ ബന്ധുക്കൾ പറയുന്നത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ മാത്രമാണ് ഉത്രയുടെ ഇടതുകൈയിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.
അടൂരിലെ ഭർത്താവിന്റെ വീട്ടില് വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും പാമ്പ് കടിയേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില് ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്. പിന്നീട് അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ അന്നും ഉത്ര പാമ്പ് കടിയേറ്റ വിവരം അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത വർധിപ്പിക്കുകയാണ്.