അടൂര്‍: ക്വാറന്റൈന് കേന്ദ്രത്തില്‍ താമസിക്കുന്ന യുവാവിന് കഞ്ചാവ് എത്തിച്ച് നല്കാന് ശ്രമം നടത്തിയ കൂട്ടുകാരനെ തിരഞ്ഞ് പോലീസ്. ഹല്‍വയ്ക്ക് അകത്തുവെച്ചാണ് കഞ്ചാവ് നല്കാന് ശ്രമം നടത്തിയത്. അടൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിനു സമീപം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ആനയടി സ്വദേശിക്കായാണ് കഞ്ചാവ് എത്തിച്ചത്.
മൂന്നു ദിവസം മുന്‍പാണ് ഹൈദരാബാദില്‍നിന്നു നാട്ടിലെത്തിയ യുവാവിനെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ഇയാള്‍ക്കുള്ള ലഘുഭക്ഷണം സുഹൃത്ത് ആനയടി വയ്യാങ്കര സ്വദേശി വിനോദ് സ്ഥാപനത്തിലുള്ള വൊളന്റിയര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിലെ ഹല്‍വ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി സംശയം തോന്നി. ഉടനെ പുറത്ത് എടുത്തപ്പോള്‍ ചെറിയ കവറിനുള്ളില്‍ പൊതിഞ്ഞ പുകയിലയുടെ ഗന്ധമുള്ള വസ്തു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വൊളന്റിയര്‍മാര്‍ അടൂര്‍ സിഐ യു ബിജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐ ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കഞ്ചാവ് ആണെന്ന് മനസിലാവുകയായിരുന്നു. കഞ്ചാവ് എത്തിച്ച വിനോദിന്റെ വീട്ടില്‍ എസ്ഐ യുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് കേസെടുത്തു.
Discussion about this post