കണ്ണൂർ: ജില്ലയിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ഇതേതുടർന്ന് ധർമ്മടം, അയ്യൻകുന്ന് സ്വദേശികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
അതേസമയം, ജില്ലയിൽ സമൂഹ വ്യാപനമില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണെന്നും ഡിഎംഒ വ്യക്തമാക്കി.
അയ്യൻകുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പൂർണ്ണഗർഭിണിയായ ഇവർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിൽ എത്തിയത്. ഇവർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ധർമ്മടം സ്വദേശിനിയായ 62 കാരിക്ക് വ്യാഴാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായ ഇവരുടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 68 പേരെ ഇതുവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post