എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും, ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതികളില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്ക്കൊപ്പം റെഗുലര്‍ പരീക്ഷ നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലായിരിക്കും പരീക്ഷ നടക്കുക.

പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ത്ഥികളും സ്‌ക്രീനിംഗിന് വിധേയരാകണം. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും.

ഹോം ക്വാറന്റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും.

പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും സാനിറ്റൈസറും, സോപ്പും പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌ക്ക്, പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്. എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Exit mobile version