രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇനി പാസ് വേണ്ട; തിരിച്ചറിയൽ കാർഡ് കൈവശം വേണം; രാത്രി യാത്രയ്ക്ക് പാസ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാ ഇളവുകൾ വ്യക്തമാക്കി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് ബെഹ്‌റ അറിയിച്ചു. എന്നാൽ യാത്രക്കാർ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിൽ പ്രവേശിക്കാൻ പാടില്ല. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണ്. മെഡിക്കൽ ആവശ്യമുൾപ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നൽകൂവെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അത്യാവശ്യമല്ലെങ്കിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, തൊട്ടടുത്തുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ്സ് വേണ്ടെന്ന് നേരത്തേ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ 2 പേർക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കിൽ 3 പേർക്ക് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാം. ഓട്ടോയിൽ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തിൽ അനുമതിയുള്ളത്. കുടുംബമെങ്കിൽ ഓട്ടോയിൽ 3 പേർക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തിൽ കുടുംബാംഗത്തിന് പിൻസീറ്റ് യാത്ര അനുവദിക്കും. ജില്ലയ്ക്ക് അകത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയന്ത്രണം ബാധകമല്ല.

Exit mobile version