തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാറാണെന്ന് മുഖ്യന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൂണ്‍ ഒന്നിന് കോളേജുകള്‍ തുറക്കും. എന്നാല്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാവുന്നുണ്ടെന്നും പ്രിന്‍സിപ്പള്‍മാര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പള്‍മാരെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ പഠന രീതിക്ക് വിക്ടേഴ്സ് ചാനല്‍ പോലെ ടിവി, ഡിറ്റിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. കൊറേണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആയിരിക്കണം കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടത്.
ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. – തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍.
Discussion about this post