തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ കേസുകള്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. എല്ലാവര്ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. സംസ്ഥാനത്തേക്ക് വരുന്നവരില്‍ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റടക്കം തയ്യാറാക്കി. ഇത്തരം ഇടപെടലിന് ഇനി മുന്‍തൂക്കം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന, പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇതുവരെ 91344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേര് ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരെത്തി. 43 വിമാനത്തില്‍ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര് ആശുപത്രികളില്‍ ക്വാറന്റീനിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post