കോഴിക്കോട്: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ ഫലം നെഗറ്റീവ്. കർണാടക സ്വദേശിയായ ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതെല്ലാം നെഗറ്റീവ് ആയതോടെ ഡോക്ടർക്ക് കൊവിഡ് ബാധിച്ചത് കർണാടകയിൽ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു.
കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവർ കർണാടകയിലേക്ക് തിരികെ പോയത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇതേതുടർന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരെയും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗർഭിണികളെയും ഉൾപ്പെടെ പത്ത് പേരെ ക്വാറന്റൈനിലാക്കിയിരുന്നു.