തിരുവനന്തപുരം: യുവതി പ്രവേശനമല്ല ബിജെപിയുടെ പ്രക്ഷോഭ വിഷയമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പോലീസ് നടപടികള്‍ക്കും അടിസ്ഥാന സൗകര്യം ഇല്ലാത്തതിനും എതിരെയാണ് ബിജെപി സമരം നടത്തുന്നത്. ഇക്കാര്യം നേരത്തെ തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കാനിരിക്കുകയാണ്. അപ്പോള്‍ പിന്നെ അതു പ്രക്ഷോഭ വിഷയമാക്കിയിട്ട് എന്തു കാര്യമെന്ന് രാജഗോപാല്‍ ചോദിച്ചു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നതിനാല്‍, ശബരിമലയില്‍ സമരം ചെയ്യരുതെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണെന്നും രാജഗോപാല്‍ പറഞ്ഞു.
ശബരിമലയില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ സമരമാണ്. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. അതിനെ ഒത്തുതീര്‍പ്പ് എന്നു പറയാനാവില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പിനു ഒരുക്കമാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ നിയമസഭ അലങ്കോലമാക്കുന്നതിനോട് തനിക്കു യോജിപ്പില്ല. സഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സമയമുണ്ട്. സഭ തടസപ്പെടുത്തുന്ന യുഡിഎഫ് നിലപാടിനൊപ്പം താനില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നതിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമാകുന്നതിനിടെയാണ് രാജഗോപാലിന്റെ അഭിപ്രായപ്രകടനം. സമരരീതി മാറ്റുന്നതിനെ പരസ്യമായി കുറ്റപ്പെടുത്തി വി മുരളീധരന്‍ എംപി രംഗത്തുവന്നിരുന്നു. ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ശബരിമല സമരത്തില്‍ നിന്നും പുറകോട്ട് പോകില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.
യുവതീ പ്രവേശനത്തിന് എതിരെയല്ല, കമ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരെയാണ് ബിജെപി സമരം നടത്തുന്നതെന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചിരുന്നു.
Discussion about this post