തിരുവനന്തപുരം: കഴിഞ്ഞ മണിക്കൂറുകളായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളില്‍ വെള്ളം കയറി. കനത്ത മഴ മൂന്ന് മണിക്കൂര്‍ തുടര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്.
രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ പ്രദേശങ്ങളില്‍ തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞു. റോഡും വയലേലകളും എല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കാര്യോട് കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകുകയും ചെയ്തു. നഗരത്തിലെ അജന്ത തീയ്യേറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെളളംകയറി.
കോട്ടൂര്‍, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കുമ്പിള്‍ മൂട് തോട് കരകവിയുകയും റോഡില്‍ ഒരാള്‍ പൊക്കത്തില്‍ അധികം വെള്ളം കയറുകയും ചെയ്തു. വെള്ളം ഒഴികിയെത്തുന്ന അണിയില കടവും നിറഞ്ഞു കവിഞ്ഞു. കാരിയോട് പ്രദേശത്ത് തോടിന് സമീപത്തെ ഏലായിലാണ് വെള്ളം കയറിയത്. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായി.
കോട്ടൂര്‍ സെറ്റില്‍മെന്റിലേയ്ക്ക് വാഹനങ്ങള്‍ പോകാനോ, വനത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. ഉത്തരംകോട്പ-ങ്കാവ്, മലവില, കുരുന്തറക്കോണം പ്രദേശങ്ങള്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. നിരവധി വീടുകളും, റോഡും, കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കോട്ടൂര്‍ റോഡിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയാണ്.