തിരുവനന്തപുരം: വലിയ ഒരഴിമതിയുടേയും സിപിഎമ്മിന് വേണ്ടിയുള്ള രാഷ്ട്രീയ പിആര്‍ വര്‍ക്കിന്റേയും നീക്കമാണ് പ്രതിപക്ഷത്തിന്റെ ജാഗ്രതയില്‍ കയ്യോടെ പിടിക്കപ്പെട്ടത് എന്ന് വിടി ബല്‍റാം എംഎല്‍എ. കൊവിഡ് വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ പ്രതികരണവുമായാണ് ബല്‍റാം രംഗത്തെത്തിയത്.
ഫേസ്ബുക്കിലൂടെയായിരുന്നു വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം. സ്പ്രിങ്ക്‌ലര്‍ ഇല്ലെങ്കില്‍ കൊവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോകില്ലെന്ന് ആവര്‍ത്തിച്ച് വാദിച്ച സര്‍ക്കാര്‍ പക്ഷപാതികള്‍ ഇനി പുതിയ എന്തൊക്കെ വാദങ്ങളാണ് എഴുന്നെള്ളിക്കുക എന്ന് കണ്ടറിയേണ്ടതുണ്ടെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ ക്വാറന്റീന്‍ അടക്കമുള്ളവയുടെ പ്രയോഗ തലത്തിലെ അനുഭവം വച്ച് നോക്കുമ്പോള്‍ ബിഗ്‌ഡേറ്റ അനാലിസിസ് പോയിട്ട് പ്രാഥമികമായ വിവര വിശകലനം പോലും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതായി തോന്നുന്നില്ലെന്നും വീട്ടില്‍ നിന്ന് 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരത്ത് ഏതൊക്കെയോ ഗുദാമിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണ് പലരേയും കൊണ്ടുചെന്ന് തള്ളുന്നതെന്നും ബല്‍റാം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്പ്രിങ്ക്‌ലര്‍ ഇടപാടില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നു. ഡേറ്റാ ശേഖരണത്തില്‍ നിന്നും വിശകലനത്തില്‍ നിന്നും സ്പ്രിങ്ക്‌ലറിനെ ഒഴിവാക്കുന്നതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി വച്ച് പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവും ഒരുമിച്ച് ഏറ്റെടുത്ത വിവര സുരക്ഷിതത്വത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഇതോടു കൂടി ശരിവക്കപ്പെടുകയാണ്. സ്പ്രിങ്ക്‌ലര്‍ ഇല്ലെങ്കില്‍ കോവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോകില്ലെന്ന് ആവര്‍ത്തിച്ച് വാദിച്ച സര്‍ക്കാര്‍ പക്ഷപാതികള്‍ ഇനി പുതിയ എന്തൊക്കെ വാദങ്ങളാണ് എഴുന്നെള്ളിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ ക്വാറന്റീന്‍ അടക്കമുള്ളവയുടെ പ്രയോഗ തലത്തിലെ അനുഭവം വച്ച് നോക്കുമ്പോള്‍ ബിഗ്‌ഡേറ്റ അനാലിസിസ് പോയിട്ട് പ്രാഥമികമായ വിവര വിശകലനം പോലും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതായി തോന്നുന്നില്ല. വീട്ടില്‍ നിന്ന് 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരത്ത് ഏതൊക്കെയോ ഗുദാമിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണ് പലരേയും കൊണ്ടുചെന്ന് തള്ളുന്നത്.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, ആരോഗ്യ, നിയമ, ധനവകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കി, കാബിനറ്റ് പോലുമറിയാതെ, മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹം നിയന്ത്രിക്കുന്ന ഐടി വകുപ്പുമുണ്ടാക്കിയതായിരുന്നു വിദേശ കമ്പനിയായ സ്പ്രിങ്ക്‌ലറുമായുള്ള ഈ തട്ടിപ്പ് ഇടപാട്. യഥാര്‍ത്ഥ ഗുണഭോക്താക്കളായ ആരോഗ്യ വകുപ്പ് ഇത്തരമൊരു സേവനം ഐടി വകുപ്പിനോട് ആവശ്യപ്പെട്ടിട്ട് പോലുമില്ലായിരുന്നു എന്നാണറിയുന്നത്. ഏതായാലും വലിയ ഒരഴിമതിയുടേയും സിപിഎമ്മിന് വേണ്ടിയുള്ള രാഷ്ട്രീയ പിആര്‍ വര്‍ക്കിന്റേയും നീക്കമാണ് പ്രതിപക്ഷത്തിന്റെ ജാഗ്രതയില്‍ കയ്യോടെ പിടിക്കപ്പെട്ടത്.
ഈ കേസ് ആദ്യം കോടതിയില്‍ വന്നപ്പോള്‍ത്തന്നെ കോവിഡ് എമര്‍ജന്‍സിയുടെ പേര് പറഞ്ഞുള്ള സര്‍ക്കാര്‍ വാദങ്ങളെ മുഖവിലക്കെടുക്കാത്ത ഒരു നിലപാടാണ് കോടതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിട്ടു എന്ന ഒരാരോപണം നേരിടാന്‍ താത്പര്യമില്ലാത്തത് കൊണ്ടായിരിക്കണം ഒറ്റയടിക്ക് കരാര്‍ റദ്ദാക്കാന്‍ അന്ന് കോടതി മടിച്ചത്. എന്നാല്‍ അതിനെപ്പോലും സര്‍ക്കാരിന്റെ വിജയമായും കോടതിയുടെ പൂര്‍ണ്ണാംഗീകാരമായും വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിയും സൈബര്‍ സഖാക്കളും രംഗത്തു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതുവരെ ചെയ്തതെല്ലാം അബദ്ധമെന്ന് സമ്മതിച്ച് തിരുത്തി കോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടാകാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് സര്‍ക്കാര്‍. വല്ലാത്തൊരു ഗതികേട് തന്നെ!
സ്പ്രിങ്ക്‌ലറിന് ഇതിനോടകം നല്‍കിയിട്ടുള്ള ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യ വിവരങ്ങള്‍ നശിപ്പിച്ചു കളയാന്‍ അവരോട് ആവശ്യപ്പെട്ടുവെന്നും അവരത് അംഗീകരിച്ചുവെന്നും സര്‍ക്കാര്‍ കോടതിക്ക് മുമ്പില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതെത്രത്തോളം വിശ്വാസയോഗ്യമാണ് എന്ന സംശയമാണുയരുന്നത്. സ്പ്രിങ്ക്‌ലറുമായുള്ള കരാര്‍ പൂര്‍ണ്ണമായും റദ്ദാക്കി അതിനേക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തുകയാണ് വേണ്ടത്. നിയമവും ചട്ടങ്ങളും ലംഘിച്ച് കരാറിനായി അമിത താത്പര്യം കാണിച്ച ഐടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം.
ക്യാബിനറ്റ് സിസ്റ്റത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീര്‍ത്തും ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയാണ് ഇങ്ങനെ ആവര്‍ത്തിച്ചുള്ള തിരിച്ചടിയും നാണക്കേടും സര്‍ക്കാരിനുണ്ടാക്കുന്നതെന്ന് സിപിഎമ്മിനും മറ്റ് എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കും ഇനിയെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നന്ന്.
………………………
എന്‍.ബി: പിണറായി വിജയന്റെ നേതൃത്ത്വത്തിലെന്ന് പറയപ്പെടുന്ന കേരള സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയതായി പറയപ്പെടുന്ന സത്യവാങ്മൂലത്തേക്കുറിച്ച് 24 News അടക്കമുള്ള ചാനലുകള്‍ നല്‍കി വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. ഇനി വൈകീട്ട് 5 മണിക്ക് അദ്ദേഹം നേരിട്ട് വന്ന് മറിച്ച് പറഞ്ഞ് ഈ പോസ്റ്റ് തേച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കില്ല എന്ന് മുന്‍കൂട്ടി അറിയിക്കുന്നു.
Discussion about this post