തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശുപത്രികളായി പ്രവർത്തിക്കുന്ന എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കും. ഇത് സംബന്ധിച്ച് മാർഗനിർദേശവും സർക്കാർ പുറപ്പെടുവിച്ചു. ഇതോടെ ഒപികൾ നിശ്ചിത സമയങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചു തുടങ്ങും. 45 മിനിറ്റിൽ ഫലം കിട്ടുന്ന കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയകൾ നടത്തുക. ടെലി മെഡിസിൻ സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും തുടർ ചികിത്സ നടത്തുക.
കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്കായി ജീവനക്കാരെ രണ്ടായി തരം തിരിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിക്കുക. ആദ്യമായി ചികിത്സയ്ക്ക് എത്തുന്നവർക്കും തുടർ ചികിത്സയ്ക്ക് എത്തുന്നവർക്കും പ്രത്യേക ഒപി സജ്ജീകരിക്കും. ഗർഭിണികളുടെതടക്കം സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. അതേസമയം അടിയന്തരമല്ലാത്ത ചികിത്സകൾക്കായി മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സംവിധാനം ഒരുക്കും.
അസുഖത്തിന്റെ സ്വഭാവമനുസരിച്ച് മുൻഗണനാക്രമത്തിലും അടിയന്തരമായി ആവശ്യമുള്ളതുമായ ശസ്ത്രക്രിയകളും ആരംഭിച്ചിട്ടുണ്ട്. കീമോ തെറാപ്പിയും മറ്റു അർബുദ രോഗ ചികിത്സകളും ശസ്ത്രക്രിയകളും മുടക്കില്ല. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങൾക്കായി പ്രവർത്തിക്കാനും നിർദേശമായിട്ടണ്ട്.
Discussion about this post