കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ അഞ്ചല്‍ പോലീസില്‍ പരാതി നല്കി.
അഞ്ചല്‍ സ്വദേശിയായ ഉത്രയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെതിരെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. ആദ്യം മാര്‍ച്ച് രണ്ടിന് ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചും പിന്നീട് മെയ് ആറിന് യുവതിയുടെ വീട്ടില്‍ വെച്ചും.
മാര്‍ച്ച് രണ്ടിന് രാത്രിയിലാണ് ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ച് യുവതിക്ക് പാമ്പ് കടിയേറ്റത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികില്‍സ നടത്തി.
ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ മെയ് ആറിനാണ് ഉത്രയ്ക്ക് വീണ്ടും പാമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് മരണം സംഭവിച്ചു. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ് ഉത്രയുണ്ടായിരുന്നതെന്നും ജനലുകള്‍ തുറന്നിടുന്ന പതിവില്ലായിരുന്നെന്നും എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നുമാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നുവെന്നും അന്ന് ബഹളം വച്ചതിനെ തുടര്‍ന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയെന്നും ഉത്ര പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
നൂറ് പവന് സ്വര്‍ണവും വലിയൊരു തുക സ്ത്രിധനവും വാങ്ങിയാണ് 2018ല്‍ ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഉത്രയെ സൂരജ് നിരവധിതവണ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് പോലീസിന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അഞ്ചല്പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്.
Discussion about this post