പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന്റെ അപേക്ഷ തള്ളിയത്. രഹ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.
പത്തനംതിട്ട പോലീസ് കൊച്ചിയിലെത്തിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ്നയെ അറസ്റ്റ് ചെയ്തത്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പോലീസ് സംരക്ഷണമൊരുക്കിയതിനെതിരെ അന്ന് രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു.
രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര് രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹ്ന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
Discussion about this post