തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 59 ലക്ഷം. ഇന്നലെ നടത്തിയ സര്‍വീസില്‍ ആകെ കിട്ടിയ കളക്ഷന്‍ വെറും 35 ലക്ഷം മാത്രമാണ്. 1319 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടും കെഎസ്ആര്‍ടിസിക്ക് നഷ്ടം നേരിട്ടുവെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ആദ്യ ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിശ്ചയിച്ച 1800 സര്‍വീസുകള്‍ വെട്ടിക്കുറച്ച് 1319 സര്‍വീസുകളാക്കി ചുരുക്കിയത്.
കഴിഞ്ഞ ദിവസം മൂന്നു സോണുകളിലുമായി 2,12,310 കിലോമീറ്ററാണ് ആകെ ഓടിയത്. ശമ്പളം, പെന്‍ഷന്‍, ഡീസല്‍ എന്നിവ പരിഗണിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ സര്‍വീസ് നടത്തണമെങ്കില്‍ ഒരു കിലോമീറ്ററിന് 45 രൂപ ലഭിക്കണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്നലെ ഒരു കിലോമീറ്ററിന് ശരാശരി ലഭിച്ച തുക 16 രൂപ 78 പൈസയാണ്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യാന്‍ ആളില്ലാത്തതും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം ആളുകളെ മാത്രം കയറ്റിയുള്ള യാത്രയുമാണ് നഷ്ടത്തിന്റെ പ്രധാന കാരണം.