തിരുവനന്തപുരം: തോളില്‍ ഒരു ബാഗും തൂക്കി സോപ്പ് വാങ്ങുമോയെന്നും ചോദിച്ച് കൊച്ചുമിടുക്കന്‍ അഖില്‍ ചിലപ്പോള്‍ നമ്മളെ ആരെയെങ്കിലുമൊക്കെ കടന്നുപോയിട്ടുണ്ടാവും. എങ്കിലും മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഈ കൊച്ചുമിടുക്കനെ നമ്മള്‍ അറിയാതെ പോകരുത്.
‘സോപ്പിന് പേരൊന്നും ഇട്ടിട്ടില്ല. പക്ഷേ ഭാവിയില്‍ പേരിടും. അഖില്‍ സോപ്പെന്നായിരിക്കും പേര്.’ എന്നും ആത്മവിശ്വാസത്തോടെയാണ് പ്ലസ് ടുക്കാരനായ അഖില്‍ രാജ് പറയുന്നത്. ചെറുപ്രായത്തില്‍ സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ്, കിട്ടുന്ന പണം പഠനത്തിനും കുടുംബത്തിന് വേണ്ടിയും ചെലവഴിക്കുന്ന അഖില്‍ സമപ്രായക്കാര്‍ക്ക് നല്ല മാതൃക കൂടിയാണ്.
”ഞാന്‍ വലിയതുറ ഫിഷറീസ് സ്‌കൂളിലാണ് പഠിക്കുന്നത്. കാട്ടാക്കടയാണ് വീട്. പ്ലസ് ടൂവിന് സയന്‍സാണ് വിഷയം കരിയര്‍ ഗൈഡന്‍സിന്റെയും എന്‍എസ്എസിന്റെയും ഭാഗമായിട്ട് സ്‌കൂളില്‍ നിന്നാണ് സോപ്പുണ്ടാക്കാന്‍ പഠിപ്പിച്ചത്. ഒരു ദിവസം ഞാന്‍ വീട്ടില്‍ സോപ്പുണ്ടാക്കി നോക്കി. എന്നിട്ട് സ്‌കൂളില്‍ കൊണ്ടുപോയി ടീച്ചര്‍മാര്‍ക്ക് കൊടുത്തു. അവരെല്ലാം വാങ്ങിച്ചു. നല്ലതാണെന്ന് എല്ലാവരും പറഞ്ഞു.” എന്ന് അഖില്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.
‘സ്‌കൂളിലെ അനു ടീച്ചറും സാബു സാറും ശ്രീലേഖ ടീച്ചറും ഒക്കെ നല്ല സപ്പോര്‍ട്ടാണ് തന്നത്. അന്ന് ഒരു ചെറിയ തുക കിട്ടി. അപ്പോ എനിക്ക് മനസ്സിലായി ബസ് കൂലിക്കും ചെറിയ ആവശ്യങ്ങള്‍ക്കുമൊക്കെ ഇത് ഉപകാരപ്പെടുമെന്ന് പിന്നെ വീട്ടില്‍ തന്നെ സേപ്പുണ്ടാക്കാന്‍ തുടങ്ങി.” ആത്മസംതൃപ്തിയോടെ അഖില്‍ കൂട്ടിച്ചേര്‍ത്തു.
ടീച്ചര്‍മാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിച്ചതോടെ അഖില്‍ സോപ്പ് വീടിനടുത്തുള്ളവര്‍ക്കും വില്‍ക്കാന്‍ തുടങ്ങി. ഉപയോഗിച്ച് നല്ലതാണെന്ന് പറഞ്ഞപ്പോള്‍ പിന്നെയും സോപ്പുണ്ടാക്കാന്‍ അഖിലിന് ആവേശമായി. ”ആദ്യമൊക്കെ റോഡരികില്‍ നിന്നിട്ട് അതുവഴി പോകുന്നവരോട് സോപ്പ് വാങ്ങിക്കുമോ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെ കുറച്ച് വിറ്റുപോകും. പിന്നെയാണ് കടകളില്‍ കൊടുക്കാന്‍ തുടങ്ങിയത്.” അഖില്‍ പറയുന്നു.
അഖില്‍ ഇപ്പോള്‍ തമ്പാനൂരിലും ഈസ്റ്റ്‌ഫോര്‍ട്ടിലും ഒക്കെ ഉള്ള കടകളില്‍ സോപ്പ് കൊടുക്കാറുണ്ട്. ഒന്നരവര്‍ഷമായി അഖില്‍ സോപ്പുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങിയിട്ട്. ”ഇപ്പോള്‍ കുളിക്കുന്ന സോപ്പും അലക്കുന്ന സോപ്പുമുണ്ട്. ലോക്ക് ഡൗണായത് കൊണ്ട് പുറത്തൊന്നും പോകുന്നില്ല.” അഖില്‍ പറയുന്നു.
കൂലിപ്പണിക്കാരനാണ് അഖിലിന്റെ അച്ഛന്‍ സാധുരാജ്. അനിയന്‍ ആശിഷ് രാജ് പത്താം ക്ലാസിലാണ്. അമ്മ വീട്ടമ്മയാണ്. ഒറ്റ മുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഞായറാഴ്ചയും ഒഴിവുദിവസങ്ങളുമാണ് സോപ്പ് നിര്‍മ്മാണം. സോപ്പ് വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് തന്നെയാണ് നിര്‍മ്മാണ സാമഗ്രികളൊക്കെ വാങ്ങുന്നത്. അച്ഛനും അമ്മയും അനിയനുമാണ് സോപ്പ് നിര്‍മ്മാണത്തില്‍ അഖിലിന്റെ പങ്കാളികള്‍.
”ഒരുപാട് പഠിക്കണം. എന്നിട്ട് ജോലിയൊക്കെ മേടിച്ചിട്ട് വീടുണ്ടാക്കണം. ഐഎസ്ആര്‍ഒ ഓഫീസറാകാനാണ് ആഗ്രഹം. എനിക്ക് ആകാശത്തെക്കുറിച്ചും നക്ഷത്രസമൂഹത്തെക്കുറിച്ചും സാറ്റലൈറ്റുകളെയും കുറിച്ചൊക്കെ പഠിക്കാന്‍ ഇഷ്ടമാ.” ഇതൊക്കെയാണ് തന്റെ സ്വപ്‌നമെന്ന് അഖില്‍ പറയുന്നു ലോക്ക് ഡൗണൊക്കെ കഴിയുമ്പോഴേയ്ക്കും വീണ്ടും സോപ്പ് നിര്‍മ്മാണവും വില്‍പനയും ആരംഭിക്കാനാണ് അഖിലിന്റെ തീരുമാനം.
Discussion about this post