കോഴിക്കോട്: ചില മരണങ്ങള്‍ നൊമ്പരങ്ങള്‍ക്കപ്പുറം ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള ജീവത്യാഗമായി മാറുമ്പോള്‍ അത് ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാറുണ്ട്, അത്തരം ഒരു മരണമായിരുന്നു ലിനി സിസ്റ്ററുടേതെന്ന് സഹപ്രവര്‍ത്തക റൂബി സജ്‌ന. സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് റൂബി സജ്‌ന ലിനിയുടെ ധീരതയെക്കുറിച്ച് കുറിച്ചത്.
സഹപ്രവര്‍ത്തകരുടെ മരണം എന്നും നോവുകളാണ്, അതെന്നും മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കുമെന്ന് റൂബി സജ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്രത്തിന് മുമ്പേ നടന്നു ചരിത്രത്തെ തന്നിലേക്ക് വലിച്ചടപ്പിച്ചു കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞ നമ്മളുടെ നഷ്ട്ടങ്ങളുടെ നായികയായ ലിനി സിസ്റ്റര്‍ക്ക് അന്ത്യ പരിചരണം നല്‍കിയ കോഴിക്കോട് നെഞ്ചുരോഗാശുപ്രതിയിലെ നഴ്‌സ്മാരുടെ കണ്ണുനീരില്‍ ചാലിച്ച സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് റൂബി പറയുന്നു.
ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നും ലക്ഷ്യബോധത്തിന്റെ രഥമേറി ആതുരസേവനം അതിജീവന മന്ത്രമായി ഏറ്റെടുത്ത് ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ഇതള്‍കൊഴിത്തടര്‍ന്നു വീണ ഒരു ചെമ്പനീര്‍ പൂവായിരുന്നു ചെമ്പനോട് സ്വദേശികളായ പുതുശ്ശേരി നാണുവിന്റെയും, രാധാമണിയുടെയും അരുമ പുത്രിയായിരുന്ന സിസ്റ്റര്‍ ലിനി..
ആദ്യ നിപ്പാ രോഗിയായിരുന്ന പന്തീരീങ്കര സാബിത്ത് എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി അര്‍പ്പണബോധത്തോടെ ജോലി ചെയ്തപ്പോഴാണ് നിപ്പയെന്ന അസുരാണുക്കള്‍ ഉഗ്രരൂപം പ്രാപിച്ച് ആ മാലഖയുടെ ആന്തരീകാവയവങ്ങളെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയത്.
പേരാമ്പ്ര താലൂക്കാശുപത്രിയിലും,കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും നല്‍കിയ ചികിത്സ ഫലപ്രദമാകാതെ മെഡിക്കല്‍ കോളോജിലെ നെഞ്ചുരോഗാശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ആ മാലാഖയുടെ മനസ്സ് മരണത്തോട് സമരസപ്പെട്ടിരുന്നുവെന്നും അടുത്തുവന്ന സഹപ്രവര്‍ത്തകയോട് അകന്ന് നില്‍ക്കാന്‍ ആഗ്യം കാണിച്ച് ധീരതയോടെ മരണത്തെ പുല്‍കാന്‍ അവള്‍ മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നുവെന്നും സഹപ്രവര്‍ത്തക പറയുന്നു.
ഞങ്ങളുടെ ആത്മധൈര്യവും, കരുത്തും നിങ്ങളാണ്. നിങ്ങളുടെ ത്യാഗനിര്‍ഭരമായ ആ ധീരതയാണ്. അതു നഷ്ടപ്പെട്ടാല്‍ ഞങ്ങളും വീണു പോയേക്കാം.അതു കൊണ്ടു തന്നെ ഞങ്ങളുടെ മനസ്സുകളില്‍ നിന്നും ലിനി സിസ്റ്റര്‍ക്ക് മരിക്കാനാകില്ലെന്നും റൂബി സജ്‌ന പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സഹപ്രവര്‍ത്തകരുടെ മരണം എന്നും നോവുകളാണ്…
അതെന്നും മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കും…
മരണമെന്നത് മാറ്റുരയ്ക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ്…. എങ്കിലും ചില മരണങ്ങള്‍ നൊമ്പരങ്ങള്‍ക്കപ്പുറം ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള ജീവത്യാഗമായി മാറുമ്പോള്‍ അത് ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാറുണ്ട്…. അത്തരം ഒരു മരണമാണ് 2018 മെയ് 21-ന് കോഴിക്കോട് നെഞ്ചുരോഗാശുപത്രിയിലെ തീവ്രപരിചരണ മുറിയില്‍ സംഭവിച്ചത്.
ചരിത്രത്തിന് മുമ്പേ നടന്നു ചരിത്രത്തെ തന്നിലേക്ക് വലിച്ചടപ്പിച്ചു കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞ നമ്മളുടെ നഷ്ട്ടങ്ങളുടെ നായികയായ ലിനി സിസ്റ്റര്‍ക്ക് അന്ത്യ പരിചരണം നല്‍കിയ കോഴിക്കോട് നെഞ്ചുരോഗാശുപ്രതിയിലെ നഴ്‌സ്മാരുടെ കണ്ണുനീരില്‍ ചാലിച്ച സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു……
ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തില്‍ നിന്നും ലക്ഷ്യബോധത്തിന്റെ രഥമേറി ആതുരസേവനം അതിജീവന മന്ത്രമായി ഏറ്റെടുത്ത് ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ഇതള്‍കൊഴിത്തടര്‍ന്നു വീണ ഒരു ചെമ്പനീര്‍ പൂവായിരുന്നു ചെമ്പനോട് സ്വദേശികളായ പുതുശ്ശേരി നാണുവിന്റെയും, രാധാമണിയുടെയും അരുമ പുത്രിയായിരുന്ന സിസ്റ്റര്‍ ലിനി….
ആദ്യ നിപ്പാ രോഗിയായിരുന്ന പന്തീരീങ്കര സാബിത്ത് എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി അര്‍പ്പണബോധത്തോടെ ജോലി ചെയ്തപ്പോഴാണ് നിപ്പയെന്ന അസുരാണുക്കള്‍ ഉഗ്രരൂപം പ്രാപിച്ച് ആ മാലഖയുടെ ആന്തരീകാവയവങ്ങളെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയത്…. പേരാമ്പ്ര താലൂക്കാശുപത്രിയിലും,കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും നല്‍കിയ ചികിത്സ ഫലപ്രദമാകാതെ മെഡിക്കല്‍ കോളോജിലെ നെഞ്ചുരോഗാശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ആ മാലാഖയുടെ മനസ്സ് മരണത്തോട് സമരസപ്പെട്ടിരുന്നു… അടുത്തുവന്ന സഹപ്രവര്‍ത്തകയോട് അകന്ന് നില്‍ക്കാന്‍ ആഗ്യം കാണിച്ച് ധീരതയോടെ മരണത്തെ പുല്‍കാന്‍ അവള്‍ മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നു……
ആ നിമിഷങ്ങളിലും നിര്‍വചനമില്ലാത്ത അത്മധൈര്യമായിരുന്നു അവളില്‍ അങ്കുരിച്ച് നിന്നത്…
മുപ്പെത്തൊന്നാം വയസ്സിന്റെ മൃദുല യൗവനത്തിലേക്ക് മരണമെന്ന സത്യം അരിച്ചു കയറുമ്പോഴും അവളെ വേദനിപ്പിച്ചത് ആ മൂന്ന് പേരുകളായിരുന്നു……
അവളുടെ പ്രാണന്റെ പാതിയായ സജീഷേട്ടന്‍…… ഓമനിച്ചു കൊതിതീരാത്ത തന്റെ പിഞ്ചു പ്രതീക്ഷകളായ അഞ്ച് വയസ്സുക്കാരന്‍ സിദ്ധാര്‍ത്ഥ്, രണ്ട് വയസ്സുക്കാരന്‍ റിഥുല്‍…. ആശ്രയത്തിനായി ആശുപത്രിയില്‍ പ്രതീക്ഷയോടെ തന്നെയും കാത്തു കിടന്ന സഹജീവികളായ രോഗികളിലേക്ക് അര്‍പ്പണബോധത്തോടെ ഓടിയെത്തുന്നതിനായി മടിയിലുരിത്തിപ്പാലൂട്ടി ചുംബിച്ചു കൊണ്ടാണ് റിഥുലിനെ വിട്ട് അവള്‍ പടിയിറങ്ങിയത്….. അപ്പോഴും അകലേക്ക് മറയുന്ന അമ്മയെ നോക്കി കൈവീശി കൊണ്ട് ഉമ്മറത്ത് നില്‍ക്കുകയായിരുന്നു അഞ്ചു വയസ്സുക്കാരനായ സിദ്ധാര്‍ത്ഥ്…
നാഡീവ്യൂഹങ്ങളെ വലിഞ്ഞുമുറുക്കി തലച്ചോറിലേക്ക് വ്യാപിക്കുന്ന മരണത്തിന്റെ മദഗന്ധങ്ങളെ മനോധൈര്യമാവാഹിച്ചു വകഞ്ഞുമാറ്റി തന്റെ മനസ്സിന്റെ മണിച്ചെപ്പിലേക്ക് നിറമുള്ള ഓര്‍മകളെ അടുക്കി വയ്ക്കുകയായിരുന്നു അവള്‍…..
സജിഷേട്ടാ… ‘I am almost on the way…. ‘
കരുണയുള്ള മനസ്സുകളിലേക്ക് നൊമ്പരത്തിന്റെ തീപ്പന്തമായി ആളിപ്പടരുന്ന ആ വാക്കുകള്‍ ഇന്നും ഞങ്ങളുടെ മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്……
ഐ.സി.യു വിലെ പ്രിസ്‌ക്രിപ്ഷന്‍ പാഡില്‍ അവള്‍ എഴുതിയ ആ അന്ത്യയാത്രാമൊഴി കേവലമൊരു മരണക്കുറിപ്പായിരുന്നില്ല.. സ്വന്തം ജീവിതംതന്നെ ഒരു പന്തമായി കത്തിച്ചുയര്‍ത്തിപ്പിടിച്ച് ഒരു നാടിന് വെളിച്ചം പകര്‍ന്ന നിശ്ചയദാര്‍ഡ്യത്തിന്റെ അഗ്‌നി പടര്‍ത്തുന്ന അക്ഷരക്കൂട്ടങ്ങളായിരുന്നു അത്……..
അന്ത്യദര്‍ശനത്തിനെത്തിയ തന്റെ ജീവന്റെ പാതിയായ സജീഷേട്ടന്‍ ഒന്ന് ചേര്‍ന്ന് നില്‍ക്കാന്‍ പോലുമാവാതെ അകലെ നിന്ന് കണ്ണുനീര്‍ പുഷ്പങ്ങളര്‍പ്പിച്ച് ഉരുകി വീഴുമ്പോഴും സിസ്റ്റര്‍ ലിനിയുടെ കണ്ണുകളില്‍ നിന്നും അടര്‍ന്ന് വീണത് വിലാപത്തിന്റെ കണ്ണുനീരായിരുന്നില്ല….. അതൊരു കലാപത്തിന്റെ കാട്ടുതീയായിരുന്നു…. സര്‍വ്വസംഹാരരൂപിയായി ഒരു ജനതയുടെ മേല്‍ വട്ടമിട്ടുപറന്ന നിപ്പയെന്ന പൂതനാണുക്കളോടുള്ള കലാപത്തിന്റെ കാട്ടുതീ……
അതിജീവിക്കാന്‍ അവള്‍ക്കായില്ലെങ്കിലും അവളിലൂടെ ഒരു ജനതയുടെ അതിജീവനത്തിന്റെ അമരഗാഥ രചിക്കപ്പെടുകയായിരുന്നു….
സിസ്റ്റര്‍ ലിനിയുടെ കണ്ണുകളില്‍ കണ്ട ആ ധീരതയായിരുന്നു ഞങ്ങളുടെ കുഞ്ഞനുജത്തി അജന്യയെന്ന നഴ്‌സിങ് സ്റ്റുഡന്റിനെ മരണത്തിന്റെ കലിതീരാക്കരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റുവാന്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നു തന്നത്….
നിപ്പ എന്ന പൂതനാണുക്കള്‍ക്കെതിരെ കേരളത്തിന് പ്രതിരോധത്തിന്റെ ഉരുക്കു കോട്ട തീര്‍ക്കാന്‍ ഊര്‍ജ്ജം പകര്‍ന്നതും അവളുടെ ആ വീരമൃതു ആയിരുന്നു……
ചിറകിനടിയില്‍ ചേര്‍ത്ത് വെച്ച് ചുംബിച്ചുറക്കിയ പറക്കമുറ്റാത്ത പിഞ്ചോമനകളേയും, പുണര്‍ന്നുറങ്ങിക്കൊതിതീരാത്ത ആ പ്രാണപ്രിയനെയും തനിച്ചാക്കി മനസ്സില്‍ നുരഞ്ഞ് പൊന്തുന്ന നൊമ്പരം സമ്മാനിച്ച് പടിയിറങ്ങിയ ആ മാലാഖ പറന്നുയര്‍ന്നത് സ്വര്‍ഗ്ഗത്തിലേക്കാണെന്ന് വാക്കുകളടക്കി വെച്ച് എത്ര വര്‍ണ്ണിക്കാന്‍ ശ്രമിച്ചാലും…….. ആ ദരിദ്രകുടുംബത്തിന്റെ കരുതലും, സ്‌നേഹവും നിറഞ്ഞ കളിയരങ്ങില്‍ വീണ നൊമ്പരത്തിന്റെ തിരശ്ശീല അല്‍പ്പമൊന്നുയര്‍ത്താന്‍ പോലും നമുക്കാര്‍ക്കും കഴിയില്ല……
എങ്കിലും നന്‍മ വറ്റാത്ത ഒരു സമൂഹം നിലനില്‍ക്കുന്നിടത്തോളം നമുക്കു മുന്നില്‍ ലിനി എന്ന ചെമ്പനീര്‍പൂവ് പരിത്യാഗത്തിന്റെ പരിമണം പരത്തുന്ന ഓര്‍മകളായി പുനര്‍ജ്ജനിക്കും…..
കരുണയും ത്യാഗവും കൈകോര്‍ക്കുന്ന കാലമത്രയും അവളെ കുറിച്ചുള്ള ശബ്ദത്തിനായി കേരളം കാതോര്‍ക്കും…. നാളെയുടെ തലമുറ അവളെ രേഖപ്പെടുത്താന്‍ തയ്യാറാവുന്നത് ഒരു ദു:ഖപുത്രിയായിട്ടായിരിക്കില്ല… കേരളം കണ്ട ഒരു ധീരവനിതയാണ് ഞങ്ങളുടെ ലിനി സിസ്റ്റ4….. കേരളത്തിന്റെ അതിജീവനത്തിന്റെ രണഗാഥകളില്‍ അഗ്രമസ്ഥാനീയയായി പടവെട്ടി ജീവത്യാഗം ചെയ്ത ധീരവനിത……
ത്വാഗോജ്വലമായ മരണത്തിലൂടെ സിസ്റ്റര്‍ ലിനി നടന്നു കയറിയത് ലോകത്തിന്റെ ആതുരസേവന രംഗത്തെ അമര രക്തസാക്ഷി എന്ന അജയ്യമായ പദവിയിലേക്കാണ്……
അതുകൊണ്ട് തന്നെയാണ് ലോകോത്തര മാധ്യമ ശൃംഘലയായ ദി ഇക്കോണമിസ്റ്റിന്റെ പ്രധാന പേജില്‍ പോലും ലിനിയുടെ ത്യാഗ സമര്‍പ്പണത്തിന്റെ വീര ചരിതത്തിനായി പ്രത്യേക കോളംതന്നെ മാറ്റി വെച്ചത്…..,
അതുകൊണ്ട് തന്നെയാണ് ലോകാരോഗ്യ സംഘടന ലിനിയുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് അര്‍ഹമായ അംഗീകാരം നല്‍കിയത്….., അതുകൊണ്ട് തന്നെയാണ് ലോക നഴ്‌സിങ് സമൂഹത്തിന്റെ ഉയിരായി അറിയപ്പെടുന്ന റാസന്‍ അല്‍ നജ്ജാറിന്റെയും, സലോമി കര്‍വായുടെയും പേരിനൊപ്പം ലിനി എന്ന പേര് ലോകം ചേര്‍ത്ത് വായിക്കുന്നത്….
അതുകൊണ്ട് തന്നെയാണ് മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍ ശ്രീ ആഷിഖ് അബു, ലിനിയുടെ സമാനതകളില്ലാത്ത സേവന സമര്‍പ്പണം വൈറസ് എന്ന പേരില്‍ അഭ്രപാളികളിലാക്കി നാളെയുടെ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാന്‍ തയ്യാറായത്……
‘താരതമ്യങ്ങളില്ലാത്ത നൊമ്പരമാണ് ലിനി ‘ എന്ന മുഖ്യമന്ത്രി സ:പിണറായി വിജയന്റെ ഗദ്ഗദം നിഴലിക്കുന്ന വാക്കുകള്‍ കേരളത്തിന്റെ ഹൃദയങ്ങളില്‍ ലിനി എന്ന ധീരപുത്രിയുടെ ത്യാഗത്തെ ആണിയടിച്ചുറപ്പിക്കുന്നതായിരുന്നു……
നമ്മുടെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഒരു കുടുംബാഗത്തെപ്പോലെ തന്നെ….. അല്ല ഒരു കുടുംബാഗമായിത്തന്നെ ഒപ്പം നിന്ന് സജീഷേട്ടനെയും സിദ്ധുവിനെയും, റിഥുവിനെയും ഇന്നും ചേര്‍ത്ത് പിടിക്കുകയാണ്….. ഇന്ന് കേരളത്തിലെ തിരഞ്ഞെടുക്കുന്ന മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിലപ്പെട്ട പുരസ്‌ക്കാരം പോലും സിസ്റ്റര്‍ ലിനിയുടെ പേരിലുള്ളതാണ്….
മരണാനന്തര ബഹുമതികളും, ആദരവുകളും, അനുസ്മരണങ്ങളൊന്നും ലിനിയുടെ കുടുംബത്തിനും, കേരളത്തിന്റെ നഴ്‌സിങ് സമൂഹത്തിനുമുണ്ടായ തീരാ നഷ്ട്ടത്തിന് പകരം വയ്ക്കാന്‍ പ്രാപ്തിയുള്ളതല്ല….
പുഞ്ചിരിയടരാത്ത ആ ചുണ്ടുകളും, പിടിച്ച് കെട്ടിയിട്ടും, കാറ്റിന്റെ താളത്തിനൊപ്പം അലക്ഷ്യമായി പാറിപ്പറക്കുന്ന ആ മുടിയിഴകളും, ആത്മാര്‍ത്ഥതയുടെ തിളക്കം നേദിച്ചെഴുതിയ ആ കണ്ണുകളും, സിന്ദൂരം ചാലിച്ച ആ സീമന്തസീമയുമായി കേരളത്തിന്റെ ഇടനെഞ്ചില്‍ ഇതള്‍ കൊഴിഞ്ഞടര്‍ന്നു വീണ ചെമ്പനീര്‍ പൂവായ ഞങ്ങളുടെ നഷ്ട്ടങ്ങളുടെ നായിക ലിനി സിസ്റ്ററുടെ ഓര്‍മകള്‍ ഞങ്ങള്‍ക്ക് ഒറ്റ ദിന ഓര്‍മ്മ മാത്രമല്ല….. ബലിക്കല്ലിലെ നാളികേരം പോലെ തന്റെ ജീവിതം ഒരു ജനതക്കു വേണ്ടി സ്വയം എറിഞ്ഞുടച്ച ആ ധീരപുത്രി മാവൂര്‍ റോഡിലെ പൊതുശ്മാശനത്തില്‍ എരിഞ്ഞമര്‍ന്നെങ്കിലും ഞങ്ങളുടെ മനസ്സുകളില്‍ ഒരു കത്തുന്ന നിലവിളക്കിന്റെ ശോഭയോടെ ഇന്നും പ്രഭ പരത്തി നില്‍ക്കുകയാണ്……
മനുഷ്യരാശി ആകമാനം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കോവിഡ് കാലത്തും കേരളം തീര്‍ക്കുന്ന പ്രതിരോധ പര്‍വ്വത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും അത്ഭുതത്തോടെ ആര്‍ട്ടിക്കിളുകള്‍ തയ്യാറാക്കുമ്പോഴും ഇന്നിന്റെ നമ്മുടെ പ്രതിരോധങ്ങളുടെ സുപ്രധാന ഊര്‍ജ്ജം സിസ്റ്റര്‍ ലിനിയുടെ വേദനിപ്പിക്കുന്ന വേര്‍പാട് തന്നെയാണ്…
കോവിഡിനെതിരെയുള്ള നമ്മുടെ സുപ്രധാന സമരായുധമായ സാമൂഹിക അകലം എന്ന ആശയം തുടക്കം മുതലേ ജാഗ്രതയോടെ അരക്കിട്ടുറപ്പിക്കുന്നതിനായി നമ്മുടെ ആരോഗ്യ മേഖലയ്ക്ക് പ്രചോതനമായി നില്‍ക്കുന്നതും പൊലിഞ്ഞു പോയ ആ പ്രോജ്ജ്വലമായ രക്തസാക്ഷിത്വം തന്നെയാണ്…
ലിനി സിസ്റ്ററേ…. ഇനിയും മരിച്ചിട്ടില്ല നിങ്ങള്‍….
പടച്ചട്ടകളും, കവച കുണ്ഡലങ്ങളും ശത്രുവിനു മുന്നില്‍ അപര്യാപ്തതയുടെ ആഴം തീര്‍ക്കുന്ന ഈ പടക്കളത്തില്‍ കൈയ്യിലുള്ള മുറിച്ചുരികകൊണ്ട് അങ്കം വെട്ടുകയാണ് ഞങ്ങള്‍… ഇവിടെ ഞങ്ങളുടെ ആത്മധൈര്യവും, കരുത്തും നിങ്ങളാണ്…. നിങ്ങളുടെ ത്യാഗനിര്‍ഭരമായ ആ ധീരതയാണ്…. അതു നഷ്ടപ്പെട്ടാല്‍ ഞങ്ങളും വീണു പോയേക്കാം…
അതു കൊണ്ടു തന്നെ ഞങ്ങളുടെ മനസ്സുകളില്‍ നിന്നും മരിക്കാനാകില്ല ലിനി സിസ്റ്റര്‍ക്ക്….
ആ ധീരസ്മരണയുടെ നിറുകയില്‍ ചാര്‍ത്തുന്നു…. ചെമ്പനീര്‍ ചോപ്പുള്ള ആയിരം ഹൃദയചുംബനങ്ങള്‍…
Discussion about this post