തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിലും നിരവധി ദിവസവേതനക്കാരും മറ്റുമാണ് ദുരിതത്തിലായത്. അന്നന്നെ അന്നത്തിന് വേണ്ടി പായുന്ന ഇവര്‍ക്ക് താങ്ങായതും ഒരു കുറവും വരുത്താതെ ഊട്ടിയത് കേരളത്തിന്റെ സ്വന്തം സപ്ലൈകോ ആണ്. ഒരു ഒഴിവ് ദിനം പോലും ഇല്ലാതെ അഹോരാത്രം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ വിഭാഗക്കാര്‍. കൊവിഡ് കാലത്ത് ഇവരുടെ സേവനവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെയും സിവില്‍ സപ്ലൈകോ എംഡി അലി അസ്കര്‍ പാഷ ഐഎഎസിന്റെയും നേതൃത്വം കൂടി ആയതോടെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളും മാതൃകാപരമായി മുന്പോട്ട് പോയി. ഈ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സപ്ലൈകോ രാജ്യത്തില്‍ തന്നെ നമ്പര്‍ വണ്‍ ആയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളുടെ മാറ്റു കൂട്ടുകയും ചെയ്തു. ലോക്ക് ഡൗണില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിവെയ്ക്കുന്നവര്ക്ക് വലിയ ആശ്വാസമായിരുന്നു സിവില്‍ സ്പ്ലൈകോ. ഇപ്പോള്‍ ഭക്ഷ്യധാന്യ വിതരണം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ആശ്വാസത്തിലുമാണ് ജനങ്ങളും. പി തിലോത്തമന് മന്ത്രിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിതരണം കൂടുതല്‍ കാര്യക്ഷമമാക്കിയതോടെയാണ് സ്പ്ലൈകോ ഇന്ത്യയില്‍ തന്നെ മികച്ചതായി മാറാന്‍ ഇടയാക്കിയത്. ഇതിനായി നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചത്.
കൊറോണ വൈറസ് എന്ന മഹാമാരി സംസ്ഥാനത്ത് പിടിമുറുക്കുന്നു എന്ന സാഹചര്യം വന്ന ഉടനെ തന്നെ സപ്ലൈകോ അതിജീവനത്തിനായുള്ള കിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. സംസ്ഥാനത്തുടനീളം ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധത്താല്‍ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചനു വേണ്ട ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും സപ്ലൈകോ മുന്പിലുണ്ടായിരുന്നു. ഇതിനു പുറമെ, ക്വാറന്റൈനീല്‍ കഴിയുന്നവര്‍ക്ക് കിറ്റുകള്‍ എത്തിക്കാനും ജീവനക്കാര്‍ മുന്നിട്ടിറങ്ങിയതും അഭിനന്ദനാര്‍ഹമാണ്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ മാറ്റിവെച്ചു പോലുമാണ് ജീവനക്കാര്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
എറണാകുളം, ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനവും സംസ്ഥാനത്തെ 56 ഡിപ്പോകളും അഞ്ച് റീഞ്ചണല് ഓഫീസുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഔട്ടലെറ്റ് മാനേര്ജര്മാരുടെയും ഉത്തരവാദിത്വാത്തില് വിവിധ ഹോളുകളിലായാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. 87 ലക്ഷം കിറ്റുകളില്‍, പഞ്ചസാര, തേയില, പയര്‍, ആട്ട തുടങ്ങിയ 17 തരം ഭക്ഷ്യ വസ്തുക്കളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1389 പാക്കേജ് സെന്ററുകളിലായാണ് ഈ ജോലികള്‍ ചെയ്യുന്നത്. ഓരോ ഔട്ട്ലെറ്റിലും 5000 മുതല്‍ 10000 കിറ്റുകളാണ് തയ്യാറാക്കുന്നത്. കിറ്റുകള്‍ ആദ്യം നല്‍കിയത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പട്ടിക വര്ഗക്കാര്ക്കായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ 14182 റേഷന്‍ കടകള്‍ വഴി കിറ്റുകള്‍ നല്കി വരികയാണ്. കിറ്റുകള്‍ നിറയ്ക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന ലോറികളിലെ ജീവനക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കാനും സപ്ലൈകോ മറന്നില്ല.
ഊണും ഉറക്കവുമില്ലാതെയുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തന മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ഇന്ത്യയില്‍ തന്നെ സപ്ലൈകോ നമ്പര്‍ വണ്‍ ആവാന്‍ ഇടയാക്കിയത്. ട്രക്കുകള്‍ വഴി അന്യനാടുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച ഡ്രൈവര്‍മാര്‍ക്ക് 26 ദിവസം സപ്ലൈകോയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഭക്ഷണം എത്തിച്ച് കൊടുത്തു. 4200 ഭക്ഷണ പൊതികളാണ് സപ്ലൈകോ ഇവര്‍ക്കായി നല്‍കിയത്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ വഴിയും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന പദ്ധതിയും കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനും സപ്ലൈകോ മുന്‍പന്തിയില്‍ ഉണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ആര്‍ക്കും ഒരു കുറവും വരാതിരിക്കാനും മറ്റുമായി നിരവധി ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാനും സപ്ലൈകോ മറന്നില്ല.
കിറ്റുകള്‍ നിറയ്ക്കാന്‍ യുവജന സംഘടനകളും മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ട്. ഇതോടെ ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ സ്വന്തം സപ്ലൈകോ തിളങ്ങി. ഇതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും സിവില്‍ സപ്ലൈകോയ്ക്ക് ഊര്‍ജമാവുകയും ചെയ്തു.
Discussion about this post