ഇടുക്കി: 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു മെയ് 21 നാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജ്യം ഇന്ന് മുന്‍പ്രധാനമന്ത്രിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്പ്രണമിക്കുകയാണ്. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കേരളത്തില്‍ ഇടുക്കി ജില്ലയിലെ മറയൂരില്‍ രാജീവ് ഗാന്ധി എന്ന് പേരുള്ള മറ്റൊരു യുവാവും ശ്രദ്ധ നേടുന്നു.
ഇടുക്കിയിലെ രാജീവിന്റെ അച്ഛന്റെ അച്ഛന് മേഗവര്ണന് തീവ്ര കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അതുകൊണ്ടാണ് 1985 ല്‍ ജനിച്ച തന്റെ കൊച്ചുമകന് അദ്ദേഹം രാജീവ് ഗാന്ധി എന്ന പേര് നല്‍കിയത്. തന്നെ നാട്ടിലുള്ളവരെല്ലാം വിളിക്കുന്നത് രാജീവ് എന്നാണെങ്കിലും ഔദ്യോഗിക രേഖകളിലെല്ലാം രാജീവ് ഗാന്ധി എന്നാണ് തന്റെ പേരെന്ന് യുവാവ് പറയുന്നു.
‘അപ്പാപ്പനാണ് എനിക്ക് പേരിട്ടത്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയോട് തീവ്രമായ അനുഭാവമുള്ള ആളായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് രാജീവ് ഗാന്ധി എന്ന് പേരിട്ടത്. രാജീവ് ഗാന്ധി മരിക്കുമ്പോള്‍ എനിക്ക് ആറ് വയസ്സാണ് പ്രായം.” രാജീവ് പറയുന്നു.
രാജീവ് ഗാന്ധിയുടെ മരണവാര്‍ത്ത കേട്ട് അപ്പാപ്പന് കരഞ്ഞത് തനിക്കോര്‍മ്മയുണ്ടെന്നും നല്ലൊരു നേതാവായിരുന്നു അദ്ദേഹമെന്ന് വായിച്ചറിഞ്ഞിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. ഈ പേരിലൂടെ ആദ്യമൊക്കെ താന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് രാജീവ് പറയുന്നു.
തനിക്ക് അങ്ങനെ പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. പ്ലസ് ടൂ പഠനത്തിന് ശേഷം തുടര്‍ന്ന് പഠിച്ചില്ലെന്നും മറയൂരിലെ ഫോറസ്റ്റ് നെഴ്സറിയില്‍ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇപ്പോഴെന്നും രാജീവ് ഗാന്ധി പറയുന്നു.
Discussion about this post