ശത്രുക്കളെ കൊലപ്പെടുത്താന്‍ ശ്രമം, കൊച്ചിയില്‍ പരക്കെ ഓടി നടന്ന് പെട്രോള്‍ ഒഴിച്ച് തീയിട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു, രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: ശത്രുതയുള്ളവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വടുതലയിലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്. ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ ഫിലിപ്പ് ആദ്യം ഷണ്‍മുഖപുരത്തെ തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു.

തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എഴുപുന്ന കോതേക്കാട്ട് വീട്ടില്‍ റെജിന്‍ദാസിന്റെ (34) ശരീരത്തില്‍ 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ലൂര്‍ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പാറക്കല്‍ വീട്ടില്‍ പങ്കജാക്ഷനെ (65) വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. പങ്കജാക്ഷനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ആ ശ്രമം പാളിപ്പോയതിന്റെ കലിപ്പില്‍ ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.

വിരമറിഞ്ഞ് സ്ഥലത്തെത്തിയ എറണാകുളം ക്ലബ്ബ് റോഡ് ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എറണാകുളം നോര്‍ത്ത് എസ്.ഐ. വി.ബി. അനസ് പറഞ്ഞു.

ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാകാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പ് മൂന്നു മാസമായി ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Exit mobile version