തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെല്ലാം രോഗവാഹകരോ മാറ്റി നിർത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ ജനം വീണുപോകരുത്. പ്രവാസികളുടെ കൂടി നാടാണിത്. അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19 രോഗം നാട്ടിലെത്തിയത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവർക്കാണെന്ന് താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കാനിടയായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് വരാൻ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം അതോടൊപ്പംതന്നെ ഇവിടെ ഉള്ളവർ സുരക്ഷിതരാവുകയും വേണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സംസ്ഥാന അതിർത്തിയിൽ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാൽ റെഡ് സോണിൽനിന്ന് വരുന്നവർ എല്ലാവരുമായും അടുത്ത് ഇടപഴകി അപകടമുണ്ടാക്കും. അതുകൊണ്ടാണ് വാളയാറിലടക്കം ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതിന് മറ്റൊരു അർഥം കൽപ്പിക്കേണ്ടതില്ല. അങ്ങനെ വരുത്തിത്തീർക്കാർ ശ്രമിക്കുന്നവർക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം. വരുന്നവരിൽ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാൽ ചിലർ രോഗവാഹകരാണ്. അത് തെളിഞ്ഞിട്ടുണ്ട്. വരുമ്പോൾതന്നെ രോഗവാഹകരെ തിരിച്ചറിയാൻ കഴിയില്ല. കൂട്ടത്തിൽ രോഗവാഹകർ ഉണ്ടാകാം. അത്തരമൊരു ഘട്ടത്തിൽ കൂടുതൽ കർക്കശ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമെ വഴിയുള്ളു. അവരുടെ രക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും അത് ആവശ്യമാണ്.
മുംബൈയിൽനിന്ന് റാന്നിയിൽ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. താനെയിൽനിന്ന് പെരിനാട് പഞ്ചായത്തിൽ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാൻ കഴിയാതെ തെരുവിൽ നിൽക്കേണ്ടി വന്നുവെന്നാണ് വാർത്ത വന്നത്. ക്വാറന്റൈനുവേണ്ടി അവർ തയ്യാറാക്കിയ വീട്ടിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും പരാതി ഉയർന്നു. മുംബൈയിൽനിന്ന് പ്രത്യേക വാഹനത്തിലെത്തിയ സംഘം റോഡിൽ വാഹനം നിർത്തിയിട്ടത് പരിഭ്രാന്തി പരത്തിയെന്നും വാർത്തവന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾവച്ച് പ്രവാസികളെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ് പ്രചരണവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. പ്രവാസികളുടെ കൂടി നാടാണിത്. അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല. അന്യനാടുകളിൽചെന്ന് കഷ്ടപ്പെടുന്ന അവർക്ക് ഏത് ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാം. നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും വിദേശത്ത് കുടുങ്ങിയവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിന്റെയും വിവിധ മലയാളി സംഘടനകളുടേയും പിന്തുണയുണ്ട്. എന്നാൽ ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. അവർക്കെല്ലാം ഒരു ദിവസം വരാനാകില്ല. പ്രത്യേക ക്രമീകരണങ്ങൾ വേണ്ടിവരും.
അതേസമയം, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന പരിമിതികളുമുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയിൽ വിദ്വേഷവും തെറ്റിദ്ധാരണയും ജനിപ്പിക്കുന്ന പ്രചാരണങ്ങളിൽ മുഴുകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
Discussion about this post