തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷകള്‍ നടത്തുകയോ, ക്ലാസ്സ് നടത്തുകയോ, ട്യൂഷനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം മറികടന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു സ്വകാര്യ സ്കൂള്‍.
തൃശ്ശൂര്‍ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശം മറികടന്ന്, പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാര്‍ത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ അവ കാറ്റില്‍ പറത്തിയായിരുന്നു സ്കൂള്‍ അധികൃതരുടെ നടപടി.
സംഭവം വിവാദമായതോടെ പരീക്ഷ നടത്തിയ സ്കൂള്‍ മാനേജ്മെന്റിനും നേതൃത്വം നല്കിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളേയും പ്രതിയാക്കി പോലീസ് കേസെടുത്തു. അതേസമയം സാമൂഹിക അകലം പാലിച്ചാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വാദം.
സംസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേയും കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളവരെ ഹൈ റിസ്ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ രണ്ടു വിഭാഗത്തില്‍പ്പെട്ട ആളുകളും ലോക്ക് ഡൗണ്‍ തീരും വരെ വീടുകളില്‍ തന്നെ കഴിയണമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പലവട്ടം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്.
മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന കാര്യമാണ് കുട്ടികളെ പുറത്ത് ഇറക്കരുതെന്ന്. ഇതെല്ലാം നിലനില്‍ക്കേയാണ് കുട്ടികളുടെ ജീവന് വച്ചുള്ള സ്കൂള്‍ അധികൃതരുടെ നടപടി. ലോക്ക് ഡൗണ്‍ കാരണം ഈ വര്‍ഷത്തെ എസ്എസ്എല്‍സി – ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും സര്‍വ്വകലാശാല, പിഎസ്.സി പരീക്ഷകളും മുടങ്ങി കിടക്കുമ്പോള്‍ ആണ് ആറ് വയസുള്ള കുരുന്നുകളെ വച്ച് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ പ്രവേശന പരീക്ഷ നടത്തിയത്.
Discussion about this post