തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് സ്കൂൾ പ്രവർത്തിക്കാതായതോടെ ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷനും അനുവദിക്കുക. അല്ലാത്ത പക്ഷം നടപടിയുണ്ടാവും. നിർബന്ധമാണെങ്കിൽ ഓൺലൈൻ ട്യൂഷൻ നടത്താമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് കൊവിഡ് അവലോകനത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും ഭക്ഷണം പാർസൽ നൽകാൻ മാത്രമാണ് അനുവാദം. എന്നാൽ ചിലയിടങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കുകയും റസ്റ്റോറന്റ് മാതൃകയിൽ ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ മാർഗ നിർദേശങ്ങൾ പാലിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആളുകൾ ആശുപത്രികളിലും കൂട്ടം കൂടിയെത്തുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പലരും സാമൂഹിക അകലം പാലിക്കുകയോ ലോക്ക് ഡൗൺ മാർഗ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറാവുകയോ ചെയ്യുന്നില്ല. രോഗികളും സഹായികളും ഒരുമിച്ചെത്തി തിക്കും തിരിക്കും കൂട്ടുന്നത് വലിയ അപകടമുണ്ടാക്കും. ഇതിൽ അടിയന്തര ഇടപെടലുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തുണിക്കടകൾക്ക് അനുവാദം നൽകിയപ്പോഴും ഇതേ അവസ്ഥയാണുള്ളത്. ചെറിയ കുട്ടികളെ അടക്കമെടുത്ത് കടകളിലെത്തുന്നു. ഇത് പൂർണമായും ഒഴിവാക്കണം. ഇതിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post