തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി. പിആർ ഏജൻസികളാണ് അതിന് പിന്നിലെന്നുള്ള ആരോപണത്തിന് കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകന് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. തന്നെ ഈ നാടിന് അറിയാമെന്നും കുറച്ചു കാലമായി ഈ കയ്യിലും കുത്തി ഇവിടെ നിക്കാൻ തുടങ്ങിയിട്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘നിങ്ങൾ കുറച്ച് കാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നത്. ഇപ്പോൾ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായില്ലേ ഈ കയ്യിലും കുത്തി ഇവിടെ നിക്കുന്നത്. നമ്മൾ തമ്മിൽ ആദ്യമായല്ലല്ലോ കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മൾ തമ്മിൽ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുമുള്ള ആരും പറയില്ല. ഇപ്പോൾ നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നില്ലേ. എന്നാൽ ഞാൻ ആ പിആർ എജൻസിയെ ബന്ധപ്പെടേണ്ടെ. എന്റെ ചെവിട്ടിൽ നിങ്ങളുടെ ചെവിട്ടിൽ വെക്കുന്നത് പോലുള്ള സാധനമൊന്നുമില്ലല്ലോ. നിങ്ങൾക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോൾ നിർദേശം വരാറില്ലേ. അങ്ങനെ നിർദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യിലില്ലല്ലോ.
ഞാൻ ഫ്രീയായി നിൽക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാൻ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പിആർ ഏജൻസിയുടെ നിർദേശത്തിന് കാത്ത് നൽക്കുകയാണോ ഞാൻ. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.”-എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Discussion about this post