കോഴിക്കോട്: നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പുറത്തിറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കുറ്റ്യാടിക്കടുത്ത പാറക്കടവിലാണ് സംഭവം. കേരളാ പോലീസിനെയും തൊഴിലാളികള്‍ ആക്രമിക്കുകയും ചെയ്തു.
നൂറോളം ബിഹാര്‍ സ്വദേശികളാണ് പ്രതിഷേധവുമായി എത്തിയത്. സംഭവം അറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ചെവികൊണ്ടില്ല.
ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി, ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് പോയത്.
പോലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് എസ്ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിക്കുകയും ചെയ്തു.