ചാത്തന്നൂര്‍: കൊല്ലത്ത് എസ്ബിഐയുടെ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. കാരംകോട് ശീമാട്ടി ഗുരുമന്ദിരത്തിന് സമീപത്തുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എടിഎം മെഷീന്റെ പാസ്വേഡ് ലോക്ക് നശിപ്പിച്ചു കളഞ്ഞു. എടിഎംകുത്തിപ്പൊളിക്കാന് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ എടിഎമ്മില്‍ പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എടിഎമ്മിന്റെ ക്യാമറ കറുത്ത പെയിന്റ് അടിച്ച് ആരോ മറച്ചത്. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടന്നിരിക്കുന്നത്.
എടിഎമ്മിന്റെ ഫ്രണ്ട് ഡോര്‍ തുറന്നു ലോക്ക് നശിപ്പിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കൊല്ലത്തുനിന്ന് എസ്ബിഐ റീജണല്‍ ഓഫീസ് ചീഫ് മാനേജര്‍ ഒബി ഷിബി, ചാത്തന്നൂര്‍ ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത്, എടിഎം ചാനല്‍ മാനേജര്‍ രാകേഷ് എന്നിവരും ചാത്തന്നൂര്‍ പോലീസും സ്ഥലത്തെത്തി പരിശോധിച്ചു.
Discussion about this post