തൃശൂര്‍: മുത്തുമാലകള്‍ അണിയിച്ച് ടിക് ടോക്ക് വിവാഹത്തിന് ശേഷം യുവതിക്കൊപ്പം ആഡംബര ബൈക്കില്‍ ചീറിപ്പാഞ്ഞ യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വാഹന നമ്പര്‍ ഉപയോഗിച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്.
ബെംഗളൂരുവില്‍ നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ഥിനിയുമായി യുവാവ് സമൂഹ മാധ്യമമായ ടിക് ടോക്കിലൂടെ പരിചയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. യുവാവിനു വിവാഹപ്രായമെത്തും വരെ കാത്തിരുന്ന ഇവര്‍ ടിക് ടോക്കിലെ വിവാഹങ്ങള്‍ വൈറലാകുന്നതിനാല്‍ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു.
തുടര്‍ന്ന് കൊരട്ടി സ്റ്റേഷന്‍ പരിധിയിലെ പള്ളിയിലെത്തി കയ്യില്‍ കരുതിയ മുത്തുമാലകള്‍ പരസ്പരം അണിയിച്ച് വിവാഹിതരായി. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും മെഴുകുതിരി കത്തിക്കാന്‍ മറന്നുപോയതുകൊണ്ട് തിരികെ പള്ളിയിലേക്ക് പോകുകയായിരുന്നു.
ഇതിനിടയിലാണ് പോലീസിന് മുന്നില്‍ പെട്ടത്. ലോക്ഡൗണ്‍ ലംഘിച്ച് ആഡംബര ബൈക്കില്‍ ഇറങ്ങിയ യുവതിയും യുവാവും പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വാഹന നമ്പര്‍ ഉപയോഗിച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
എന്നാല്‍ ബൈക്കോടിച്ച സമയത്തു താനിട്ട ഷര്‍ട്ട് അണിയിച്ചു സുഹൃത്തിനെയാണ് യുവാവ് ആദ്യം പോലീസിന് മുന്നില്‍ ഹാജരാക്കിയത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് കാലുമാറി. യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് കല്ല്യാണ കഥ പുറത്തായത്.