റിയാദ്: മക്കയിലെ ജീവകാരുണ്യ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും നിറസാന്നിധ്യമായിരുന്ന ഇപ്പു മുസ്‌ലിയാറിന്റെ വേര്‍പാട് ഇപ്പോഴും പലര്‍ക്കും അവിശ്വസനീയമാണ്. ഒരുപാടുപേര്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മബന്ധം വളര്‍ത്തിയെടുത്തതിനാല്‍ തന്നെയാണ് ഇപ്പു മുസ്‌ലിയാരുടെ മരണവാര്‍ത്ത കേട്ട് പലരും ഞെട്ടിയത്.
കൊറോണ ബാധിച്ചാണ് പ്രവാസിയായ മലപ്പുറം തെന്നല സ്വദേശി ഇപ്പു മുസ്‌ലിയാര്‍ സൗദി അറേബ്യയില്‍ മരിച്ചത്. കൊറോണ ബാധിച്ച് മക്കയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം കബറടക്കവും മക്കയില്‍ തന്നെയായിരുന്നു.
കോട്ടുവാല മുഹമ്മദ് മുസ്‌ലിയാര്‍ എന്നായിരുന്നു ഇപ്പു മുസ്‌ലിയാര്‍ പ്രിയപ്പെട്ടവര്‍ക്കിടിയില്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 30 വര്‍ഷമായി സൗദിയിലെ മക്കയിലായിരുന്നു അദ്ദേഹം.പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം മക്കയിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.
തന്റെ നീണ്ടകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹത്തിന് കൊറോണ ബാധിച്ചത്. ഒടുവില്‍ കുടുംബത്തോടൊപ്പം ചേരാനാകാതെ ഉറ്റവരുടെ പ്രാര്‍ത്ഥനയുമായി അദ്ദേഹം മക്കയിലെ മണ്ണോടു ചേര്‍ന്നു. ഇപ്പു മുസ്‌ലിയാരുടെ വേര്‍പാട് പലര്‍ക്കും നികത്താനാവാത്ത ശൂന്യതയാണ്. നീണ്ട മൂന്ന് പതിറ്റാണ്ട് കാലം, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും മക്കയിലെ നിറസാന്നിധ്യമായിരുന്നു ഇപ്പു മുസ്‌ലിയാര്‍.