തിരുവനന്തപുരം; ഇന്നും സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര പ്രദേശങ്ങളില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞദിവസം മിക്ക ജില്ലകളിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതകമ്പികള്‍ പൊട്ടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. കനത്ത കാറ്റില്‍ ഞായറാഴ്ച രാത്രി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ബലിക്കല്‍പ്പുര, വലിയ അടുക്കള, ഊട്ടുപുര, ആനപ്പന്തലുകള്‍ എന്നിവ ഭാഗികമായി തകര്‍ന്നു.
Discussion about this post