നിരക്ക് വര്‍ധന അപര്യാപ്തം; നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് ബസ് ഓടിക്കാനാകില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. പുതിയ നിരക്ക് അപര്യാപ്തമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു. മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല. മൂന്നുമാസത്തെ നികുതിയും ഇന്‍ഷുറന്‍സും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ജില്ലയ്ക്ക് അകത്ത് ബസ് സര്‍വീസിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ജില്ലയ്ക്കുള്ളില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. മൊത്തം ശേഷിയുടെ പകുതി യാത്രക്കാരേ പാടുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തേണ്ടിവരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജും വര്‍ധിപ്പിച്ചിരുന്നു.

അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് പത്തുരൂപ പതിനഞ്ചായും പതിമൂന്ന് രൂപ ഇരുപതായും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റ പകുതി നല്‍കണം. ബസുകളുടെ റോഡ് നികുതിയും ഒഴിവാക്കികൊടുക്കും.

Exit mobile version