തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് 18 വയസിന് താഴെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ പുതിയ പദ്ധതി. കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവുമായി ചേർന്നാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
‘തേനമൃത്’ ന്യൂട്രി ബാറുകളാണ് കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വിതരണത്തിന് മെയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് ലയം ഹാളിൽ വച്ച് തുടക്കം കുറിക്കും. ആരോഗ്യമന്ത്രി കെകെ ശൈലജ, കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാർ എന്നിവർ പങ്കെടുക്കും.
സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് ന്യൂട്രി ബാറുകൾ നിർമ്മിച്ച് നൽകുന്നത്. കേരളത്തിലെ 14 ജില്ലകളിൽ വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ൽ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്.
കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പകർച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീൻസ്, മറ്റു ധാന്യങ്ങൾ, ശർക്കര തുടങ്ങി 12 ഓളം ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രിബാർ ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post