തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്തുപൈസയായി കൂട്ടും. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ പുതിയ നിരക്കിന്റെ പകുതി നല്‍കണം. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ് 15 രൂപയായും, 12 രൂപ 18 രൂപയായും, 13 ല്‍നിന്ന് 20 രൂപയായും വര്‍ധിക്കും.
എന്നാല്‍ നിരക്ക് വര്‍ധന കൊവിഡിന്റെ പശ്ചാത്തലത്തിലാണെന്നും ഇതിനുശേഷം ഇത് പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വര്‍ധിപ്പിക്കും.
ജില്ലയ്ക്ക് അകത്ത് പൊതു ഗതാഗതം അനുവദിച്ചിരുന്നെങ്കിലും ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം.
ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കൊവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post