തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതുഗതാഗതം ജില്ലയ്ക്ക് അകത്ത് പുനഃസ്ഥാപിക്കാമെങ്കിലും സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വച്ച് മാത്രമേ സര്‍വ്വീസ് നടത്താന്‍ സാധിക്കൂ.
യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം. അന്തര്‍ ജില്ല യാത്രകള്‍ക്ക് പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്രകള്‍ക്ക് നിരോധനമില്ല.
ഇത് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അതിര്‍ത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാല്‍ തിരിച്ചറിയല്‍ രേഖ വേണം. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമയം നിയന്ത്രണം ബാധകമല്ല. ഇലക്ട്രീഷന്മാരും മറ്റു ടെക്നീഷ്യന്മാരും ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം.
സമീപ ജില്ലകള്‍ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പോലീസില്‍ നിന്നോ കളക്ടറില്‍ നിന്നോ അനുമതി വാങ്ങണം. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ സ്ഥിരം യാത്രാ പാസ് പോലീസ് മേധാവിയില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ കൈപ്പറ്റണം. എന്നാല്‍ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കര്‍ശനനിയന്ത്രണം ബാധകമാണ്.
ലോക്ക് ഡൗണ്‍ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നല്‍കും. സ്വകാര്യ വാഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്. ഓട്ടോറിക്ഷകളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. കുടുബാംഗമാണെങ്കില്‍ മൂന്ന് പേര്. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടൂ. എന്നാല്‍ കുടുംബാംഗമാണെങ്കില്‍ ഒരാള്‍ക്ക് ഒപ്പം സഞ്ചരിക്കാം.
മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നിയന്ത്രണങ്ങള്‍ കേരളത്തിലും നടപ്പാക്കും. സ്കൂള്‍, കോളേജുകള്‍, മറ്റു ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാളുകള്‍ അല്ലാത്ത ഷോപ്പിംഗ് കോപ്ലക്സുകളില്‍ ആകെയുള്ള കടകളുടെ പകുതി കടകള്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഇക്കാര്യം പ്രാദേശിക തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം. എയര്‍കണ്ടീഷന്‍ ഒഴിവാക്കി ഹെയര്‍ ഡ്രസിംഗ്, ഹെയര്‍ കട്ട്, ഷേവിംഗ് ജോലികള്‍ക്കായി ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ഒരേ തോര്‍ത്ത് തന്നെ എല്ലാവര്ക്കും ഉപയോഗിക്കാന്‍ പാടില്ല. മുന്കൂടി ബുക്ക് ചെയ്തു വേണം ബാര്‍ബര്‍ ഷോപ്പിലേക്ക് വരാന്‍. രണ്ടില്‍ കൂടുതല്‍ പേര് ഹെയര്കട്ടിംഗിന് കാത്ത് നില്ക്കാന് പാടില്ല.
ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം. ബെവ്കോ മദ്യവില്പന ശാലകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് പാര്‍സല്‍ സര്‍വ്വീസിനായി തുറക്കാം. ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും നിയന്ത്രണം ബാധകമാണ്. ഒരേസമയം അഞ്ചു പേരില്‍ കൂടുതലുണ്ടാവില്ല എന്ന നിബന്ധന പാലിച്ച് മെംബര്‍മാര്‍ക്ക് മദ്യവും ആഹാരവും പാര്‍സലായി നല്‍കാം. ടെലിഫോണ്‍ വഴിയോ മറ്റു വഴിയോ ഇതിനായി ക്ലബുകള്‍ ബുക്കിംഗ് സജ്ജമാക്കണം. കള്ളുഷാപ്പുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് പാര്‍സലായി കള്ളും ഭക്ഷണവും നല്‍കാം.
സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗം ജീവനക്കാരുടേയും അന്‍പത് ശതമാനം ഹാജരാവണം ബാക്കിയുള്ളവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈനായി ജോലി ചെയ്യണം. മേലുദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഓഫീസിലെത്തണം. ഇനിയൊരു ഉത്തരവ് വരും വരെ ശനിയാഴ്ച കൂടി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ഐഡി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.
ലോക്ക് ഡൗണ്‍ കാരണം ഇതുവരെ ഓഫീസിലെത്താന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലയിലേക്ക് എത്തണം. എന്നിട്ടും മടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇവര്‍ ഇപ്പോള്‍ തങ്ങുന്ന ജില്ലാ കളക്ടറെ ബന്ധപ്പെട്ടണം. കൊവിഡ് പ്രവര്‍ത്തനത്തിനായി ഇവരുടെ സേവനം കളക്ടര്‍ ഉപയോഗിക്കേണ്ടതാണ്.
പരീക്ഷാ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഇവയ്ക്ക് ശനിയാഴ്ചത്തെ അവധി ബാധകമല്ല.
വിവാഹചടങ്ങുകള്‍ പരമാവധി അന്‍പത് ആളുകളെ വച്ചും അനുബന്ധ ചടങ്ങുകള്‍ പത്ത് പേരെ വച്ചും നടത്തുക. മരണാനന്തര ചടങ്ങുകളില്‍ ഇരുപത് ആളുകള്‍ക്ക് വരെ പങ്കെടുക്കാം. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക. എല്ലാ സ്ഥാപനങ്ങളും സാനിറ്റൈസര്‍ കരുതണം.
അനുവദനീയമല്ലാത്ത രാത്രിയാത്രകള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. നേരത്തെ യാത്ര തുടങ്ങി ഏഴ് മണിക്ക് അവസാനിപ്പിക്കാന്‍ പറ്റാതെ വരുന്നവര്‍ക്ക് രാത്രിയാത്രയില്‍ ഇളവുണ്ടാവും. സ്വര്‍ണം, പുസ്തകം തുടങ്ങി ആളുകളുടെ കരസ്പര്‍ശം കൂടുതലായി ഉണ്ടാവുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അണുനശീകരണം കൃത്യമായി നടത്താനം ശ്രദ്ധിക്കണം.
ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ ബാധകമാണ്. ചരക്കുവാഹന ഗതാഗതം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പോലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ.
Discussion about this post