അടിമാലി: മരിച്ചുപോയ വ്യക്തിയുടെ പേരിലുള്ള റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ കട ഉടമ സർക്കാരിന്റെ സൗജന്യ കിറ്റും റേഷൻ സാധനങ്ങളും തട്ടിയെടുത്തതായി പരാതി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ വിഷയത്തിൽ അന്വേഷണമാരംഭിച്ചു.
കൊന്നത്തടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന എആർടി 53ാം നമ്പർ കടയ്ക്കെതിരേയാണ് അന്വേഷണം. 2017 ഓഗസ്റ്റിൽ 89 വയസ്സുള്ള മുതിരപ്പുഴ ഓലിക്കൽ രാമൻ ഭാസ്കരൻ മരിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന കാർഡിൽ മറ്റ് കുടുംബാംഗങ്ങൾ ആരുമില്ല. മരണവിവരം അന്ന് തന്നെ കട ഉടമയെ ബന്ധുക്കൾ അറിയിക്കുകയും കാർഡ് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ കട ഉടമ കാർഡ് നീക്കം ചെയ്തില്ല.
ഇതിനിടെ, റേഷൻ സംവിധാനം ഓൺലൈൻ ആക്കുകയും സൗജന്യ കിറ്റിന് ഒടിപി സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. മരിച്ച രാമൻ ഭാസ്കരന്റെ റേഷൻ കാർഡ് കൊച്ചുമകന്റെ മൊബൈൽ ഫോൺ നമ്പറുമായാണ് കണക്റ്റ് ചെയ്തിരുന്നത്. മരിച്ച മുത്തച്ഛൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രണ്ട് തവണ സൗജന്യ റേഷനും ഏപ്രിൽ 30ന് സർക്കാരിന്റെ കിറ്റും വാങ്ങിയതായി കൊച്ചുമകന്റെ ഫോണിൽ സന്ദേശം വന്നു. ഇതോടെ കുടുംബക്കാർ റേഷൻകട ഉടമയെ വിവരം അറിയിച്ചെങ്കിലും ഇയാൾ ഇത് നിഷേധിച്ചു.
ഇതോടെ ബന്ധുക്കൾ സിവിൽ സപ്ലൈ ഉദ്യോഗസ്ഥരേയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തേയും വിവരം അറിയിച്ചു. പോലീസ് ഇടുക്കി ടിഎസ്ഒ വഴി നടത്തിയ അന്വേഷണത്തിൽ നാളുകളായി ഈ കാർഡ് വഴി റേഷൻ സാധനങ്ങൾ നൽകിയിട്ടുള്ളതായി രേഖകളിൽ കണ്ടെത്തി. ഇതോടെയാണ് പൊതുവിതരണ വിഭാഗവും അന്വേഷണമാരംഭിച്ചത്.
Discussion about this post