ചുവന്ന പരവതാനി വിരിച്ചതുപോലെ ഗുല്‍മോഹര്‍ പൂക്കള്‍ വിതറിയിരിക്കുകയാണ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും റെയില്‍പാതയിലും. ചുവപ്പണിഞ്ഞ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മലപ്പുറം ജില്ലാ കളക്ടറും ഈ മനോഹരദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘വാകപ്പൂ വാരി വിതറിയ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന് ഒരു ലോക്ക് ഡൗണ്‍ കാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ റൂട്ടുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത. ഇതിനു പുറമെ ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുള്ള സ്റ്റേഷന് കൂടിയാണിത്. ജയറാം-മഞ്ജുവാര്യര്‍ നായികാ നായകന്മാരായി എത്തിയ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ റെയില്‍വേ സ്റ്റേഷന് ഇതായിരുന്നു. നിലമ്പൂരില്‍ നിന്ന് തേക്കും ഈട്ടിയും കടത്താന്‍ 1921ലാണ് ബ്രിട്ടീഷുകാര്‍ ഷൊര്‍ണുര്‍ നിലമ്പൂര്‍ പാത പണിതത്. പിന്നീട് യുദ്ധത്തില്‍ ഇരുമ്പ് അവശ്യം വന്നപ്പോള്‍ അവര്‍ തന്നെ ഈ പാളം മുറിച്ചു കൊണ്ടുപോയി. പിന്നീട് 1954ലാണ് പാത പുനഃസ്ഥാപിച്ചത്. നിലവില്‍ ഷൊര്‍ണുറിനും നിലമ്പൂരിനും ഇടയില്‍ 14 ട്രെയിന്‍ സര്‍വീസുകളാണ് ഉള്ളത്.
Discussion about this post