തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് സാർവത്രികമായ പൊതുഗതാഗം ഉടൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര സർവീസുകൾ നടത്താനുള്ള സാധ്യത പരിശോധിച്ചുവെന്നും ഗതാഗത മന്ത്രി അറിയിച്ചു.
കർശനമായ നിബന്ധനകളോടുകൂടി സർവീസ് നടപ്പാക്കാൻ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം. ഈ നിഗമനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്നും മന്ത്രി പറഞ്ഞു.
നിബന്ധനകൾ പാലിച്ചാൽ ബസിന്റെ കപ്പാസിറ്റി അനുസരിച്ച് ഒരു ബസിൽ 20നും 24നും ഇടയിൽ യാത്രക്കാർ മാത്രമേ പാടുള്ളൂ. നിലവിലുള്ള ചാർജ് അനുസരിച്ച് ഇത്തരത്തിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസ് സംഘടനയും അറിയിച്ചിട്ടുണ്ട്. അവർ ഉന്നയിച്ച കാര്യത്തിൽ വസ്തുതാപരമായി യുക്തിയുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ജീവനക്കാർക്കായി നടത്തുന്ന സ്പെഷ്യൽ സർവീസിൽ ഇരട്ടി ചാർജ് ഈടാക്കി സർവീസ് നടത്തുന്നത്.
അതേ നിരക്കിൽ സർവീസ് നടത്തണോ നിരക്കിൽ വ്യത്യാസം വരുത്തണോ എന്ന കാര്യം എന്നത് മോട്ടോർ വാഹന വകുപ്പ് മാത്രം തീരുമാനിക്കേണ്ടതല്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം സർക്കാരിന്റെ ചർച്ചക്കും പരിഗണനയ്ക്കും സമർപ്പിക്കുകയാണ്. ചാർജ് പരിഷ്കാരം വേണ്ടിവരും. മറ്റ് എന്തെങ്കിലും ക്രമീകരണം നടപ്പാക്കുവാൻ സാധിക്കുമോ എന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post