തിരുവനന്തപുരം: സംസ്ഥാനത്ത് മേയിൽ തന്നെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ജൂണിൽ നടത്താനാണ് ഇപ്പോൾ ധാരണ. തീയതി പിന്നീട് തീരുമാനിക്കും.
നേരത്തെ, എസ്എസ്എൽസി പരീക്ഷകൾ മേയ് 26, 27, 28 തീയതികളിൽ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചത്. ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു.
എസ്എസ്എൽസി മൂല്യനിർണയം ഇന്നു ആരംഭിച്ചിരുന്നു. അതേസമയം, ഗതാഗത സൗകര്യമില്ലാതെ എങ്ങനെ ക്യാംപുകളിൽ എത്തുമെന്ന ആശങ്കയിലാണ് അധ്യാപകർ. 54 കേന്ദ്രങ്ങളിൽ മിക്കതും ജില്ലാ ആസ്ഥാനങ്ങളിൽനിന്നു വളരെ അകലെയാണ്. 13ന് ആരംഭിച്ച ഹയർ സെക്കൻഡറി മൂല്യനിർണയത്തിനു കുറച്ച് അധ്യാപകരേ എത്തുന്നുള്ളു.
Discussion about this post