കോട്ടയം: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പലയിടത്തും വൈദ്യുതപോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞും വീണു.
കോട്ടയം വൈക്കത്ത് കനത്ത മഴയില്‍ വ്യാപകനാശമുണ്ടായി. വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ശക്തമായ കാറ്റില്‍ ഗോപുരത്തിന്റെ മുകളില്‍ പാകിയിരുന്ന ഓടുകള്‍ പറന്നുപോയിട്ടുണ്ട്. സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിനും കേട് പറ്റി.
കനത്ത മഴയില്‍ ടിവി പുരത്തും വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post