തിരുവനന്തപുരം; രാജ്യം ലോക്ക് ഡൗണില്‍ കഴിയുന്നതിനിടെ ജനങ്ങള്‍ക്ക് മരുന്നായും ഭക്ഷ്യധാന്യങ്ങളായും മറ്റും സഹായം നല്‍കി കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കൊപ്പം തന്നെയുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചകൊണ്ടുള്ള രാഹുലിന്റെ തന്ത്രമാണിതെന്ന് പല ഭാഗങ്ങളില്‍ നിന്നും പരോക്ഷമായി പ്രതികരണം ഉയരുന്നുമുണ്ട്.
തന്റെ മണ്ഡലമായ വയനാട്ടിലും മുന്‍ മണ്ഡലമായ അമേഠിയിലും രാഹുല്‍ സഹായമെത്തിച്ചു. വയനാട്ടില്‍ രോഗികള്‍ക്ക് മരുന്നും അമേഠിയില്‍ സാനിറ്റൈസറും ഭക്ഷ്യധാന്യങ്ങളടക്കമുള്ളവയുമാണ് രാഹുല്‍ എത്തിച്ച് നല്‍കിയത്. രാഹുലിനെ പ്രശംസിച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് ഡോ നെല്‍സണ്‍ ജോസഫ്.
രാഹുല്‍ ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമായ നേതാവാകുന്നുവെന്ന് നെല്‍സണ്‍ ജോസഫ് പറയുന്നു. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയില്ല, പക്ഷേ വര്‍ത്തമാനകാല ഇന്ത്യയില്‍ രാഹുല്‍ തന്റെ വ്യക്തിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ആഞ്ഞെറിഞ്ഞാലും അതേ വേഗത്തില്‍ കുതിച്ചുയരുന്ന പന്ത് പോലെ, പപ്പു വിളികള്‍ക്കൊന്നും ഒരു പോറല്‍ പോലും ഏല്പിക്കാന്‍ കഴിയില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും നെല്‍സണ്‍ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. രാഹുലില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ അതില്ലെന്നും പലരും കമന്റ് ചെയ്തു. ഇന്ത്യക്ക് വിശ്വാസമില്ലാത്തത് രാഹുലിനെ അല്ല, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ആണ്. അടപടലം അഴിച്ചുപണിയണം അല്ലെങ്കില്‍ പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കണം. രാഹുല്‍ എന്ന ഒറ്റ പേര് വച്ച് അതിന് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ചീഞ്ഞ തലകളെയും ചണ്ടികളെയുമൊന്നും അടുപ്പിക്കരുതെന്നും മറ്റൊരു കമന്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എം.പി ഫണ്ട് ഇപ്പോള്‍ ഇല്ല. എന്നിട്ടും ഇന്നലെയും കണ്ടു രാഹുല്‍ ഗാന്ധിയുടെ സഹായം വയനാടിനെ തേടിയെത്തിയ വാര്‍ത്ത. എന്തുകൊണ്ടാണ് രാഹുല്‍ ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമായ നേതാവാകുന്നത് എന്ന് അപ്പൊഴാണാലോചിച്ചത്.
അക്കമിട്ട് തന്നെ പറയാം
1. കൊറോണ വൈറസിന്റെ കാര്യത്തില്‍ കേരളം വിജയിച്ചത് അത് ഇവിടെയെത്തി പ്രശ്‌നമാവുന്നതിനും വളരെ മുന്‍പ് തന്നെ വൈറസിനെ ഗൗരവമായെടുത്തതുകൊണ്ടാണ്.
ഫെബ്രുവരി 12, കേരളത്തിലെ ആക്ടീവ് കേസുകള്‍ മാത്രമുള്ള സമയത്ത് കൊറോണ വൈറസ് നമ്മുടെ ആരോഗ്യമേഖലയ്ക്കും എക്കോണമിക്കും ഒരു ഗൗരവമായ ഭീഷണിയാണെന്ന് രാഹുലിന്റെ ട്വീറ്റുണ്ടായിരുന്നു.
അപ്പൊഴും അയാള്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇന്ത്യ പതിനായിരക്കണക്കിനാളുകളെ അണിനിരത്തി ട്രമ്പിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലുമായിരുന്നു.
2. ഓര്‍മ ശരിയാണെങ്കില്‍ മൂന്നോ നാലോ പത്രസമ്മേളനങ്ങള്‍ രാഹുല്‍ ഗാന്ധിയുടേതായി നടന്നിട്ടുണ്ട്. ചോദ്യങ്ങള്‍ നേരിടാനും ഉത്തരങ്ങള്‍ നല്‍കാനും രാഹുല്‍ ശ്രമിക്കുന്നുണ്ട്.
കൊവിഡിനെ നന്നായി നേരിട്ട എല്ലാ ഇടങ്ങളുടെയും കാര്യം എടുത്ത് നോക്കിയാല്‍ – കേരളമടക്കം – ഈ ആശയവിനിമയവും ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിലും സംശയം തീര്‍ക്കുന്നതിലുമുള്ള പ്രാധാന്യം കൃത്യമായി മനസിലാക്കാവുന്നതേയുള്ളൂ.
പലരും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആകെ നടത്തിയ പത്രസമ്മേളനങ്ങള്‍ അത്ര വരുമോയെന്ന് സംശയമാണ്
3. അഭിജിത് ബാനര്‍ജിയും രഘുറാം രാജനുമായി നടന്ന സംഭാഷണങ്ങള്‍. അറിവുള്ളവരോടും എക്‌സ്‌പെര്‍ട്ടുകളോടും വിവരങ്ങള്‍ ആരായാനും അതിനൊരു സ്‌പേസ് ഒരുക്കാനും രാഹുല്‍ ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നത്തെ അതിജീവിക്കണമെങ്കില്‍ അങ്ങനെയുള്ളവരുടെ സേവനം ഈ അവസരത്തില്‍ ഉപയോഗപ്പെടുത്തിയേ മതിയാവൂ എന്നതാണ് വാസ്തവം.
4. അതുകഴിഞ്ഞാണ് മൈഗ്രന്റ് വര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍. സാധാരണക്കാര്‍ക്കുവേണ്ടി അയാള്‍ സംസാരിക്കുവാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.
രണ്ട് ഇന്ത്യകളെക്കുറിച്ച് അയാള്‍ ഒരു ഒന്നര വര്‍ഷത്തില്‍ അധികമായി സംസാരിക്കുന്നുണ്ട്. രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനെക്കുറിച്ച്.
സഹായം ആവശ്യമുള്ളത് അവര്‍ക്കാണെന്ന് അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ അവരുടെ ഒപ്പം നിന്നിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഏറ്റവും ദുര്‍ബലരോടൊപ്പമാണ്, ഏറ്റവും സഹായം ആവശ്യമുള്ളവരോടൊപ്പമാണ് നേതാവ് നില്‍ക്കേണ്ടത്.
5. അമേഠിക്ക് നല്‍കിയ സഹായം. ഒരു നേതാവ് ജയിപ്പിച്ചു വിട്ടവരുടെയോ തനിക്കായി വോട്ട് ചെയ്തവരുടെയോ മാത്രം നേതാവല്ല. വോട്ട് ചെയ്യാത്തവര്‍ക്ക് വേണ്ടി കൂടി പ്രവര്‍ത്തിക്കാനായാണ് ജനപ്രതിനിധി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ തനിക്ക് മേല്‍ തിരഞ്ഞെടുത്ത ഇടമാണ് അമേഠി. പക്ഷേ അവിടേക്കും ട്രക്ക് കണക്കിന് അരിയും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സഹായങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വകയായി എത്തിയിട്ടുണ്ട്.
6. സ്വന്തം മണ്ഡലത്തിന്റെ കാര്യം. എം.പി ഫണ്ട് ഇപ്പൊ ഇല്ല എന്നാണ് അറിവ്. എന്നിട്ടും ഇക്കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധിയുടെ സഹായം വയനാടിനെ തേടിയെത്തി എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
അതിനു മുന്‍പ് എം.പി ഫണ്ടില്‍ നിന്നുള്ള ധനസഹായവും വയനാട്ടില്‍ നിന്ന് കേരളത്തിന് പുറത്ത് പോയി അവിടെ കുടുങ്ങിപ്പോയവര്‍ക്കും തിരിച്ചെത്താന്‍ ബുദ്ധിമുട്ടിയിരുന്ന മറ്റ് കേരളീയര്‍ക്കും സഹായം ലഭിക്കാനായി രാഹുല്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും പല ഇടങ്ങളില്‍ കണ്ടതാണ്.
7. ഇതിനൊപ്പമാണ് അയാളുടെ തിരുത്തലുകളുടെ സ്വരങ്ങള്‍. അത്യാവശ്യ സമയങ്ങളിലുള്ള ചൂണ്ടിക്കാട്ടലുകള്‍. പി.എം. കെയറിന്റെ കാര്യമായാലും ടെസ്റ്റുകളുടെ എണ്ണമായാലും അതുതന്നെയാണ് സ്ഥിതി.
ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയില്ല, പക്ഷേ വര്‍ത്തമാനകാല ഇന്ത്യയില്‍ രാഹുല്‍ തന്റെ വ്യക്തിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പപ്പു വിളികള്‍ക്കൊന്നും ഒരു പോറല്‍ പോലും ഏല്പിക്കാന്‍ കഴിയില്ല എന്ന് തെളിയിച്ചുകൊണ്ട്, ആഞ്ഞെറിഞ്ഞാലും അതേ വേഗത്തില്‍ കുതിച്ചുയരുന്ന പന്ത് പോലെ..
Discussion about this post