കഞ്ഞിക്കുഴി: കൊറോണക്കാലത്ത് സ്വന്തം ജീവന് പോലും മറന്ന് പ്രവര്‍ത്തിച്ചും മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചും മാതൃകയായവര്‍ നിരവധി പേരാണ്. അത്തരത്തില്‍ കഞ്ഞിക്കുഴിക്കാര്ക്കിടയില് മാതൃകയായി തീരുകയാണ് മൃഗാശുപത്രിയിലെ ജീവനക്കാരനായ എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ ഹരിദാസ്.
താന്‍ കൃഷി ചെയ്തുണ്ടാക്കിയ ചീര കൊറോണക്കാലത്ത് പ്രയാസം അനുഭവപ്പെടുന്നവര്‍ക്ക് നല്കി ഒരുകൈ സഹായമായിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ കര്ഷകന് കൂടിയായ ഹരിദാസ്. വിളവെടുത്ത 2000 ചുവട് ചീരയാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കയര്‍ തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും അതിജീവനത്തിന്റെ ഭാഗമായി നല്‍കിയത്.
മൃഗാശുപത്രിയിലെ ജീവനക്കാരനായ ഹരിദാസ് ജോലി കഴിഞ്ഞുള്ള നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും കൃഷിപ്പണിയില്‍ സജീവമാണ്. വീട്ടുമുറ്റത്ത് മികച്ച രീതിയില്‍ ചീരകൃഷി നടത്തി. നല്ല വിളവ് ലഭിച്ചപ്പോഴാണ് ചീര പാവപ്പെട്ടവര്‍ക്ക് നല്കാന് ഹരിദാസ് തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു എത്തി വിളവെടുപ്പ് നടത്തി. പിന്നീട് നൂറോളം പേര്‍ക്ക് ചീര ദാനം ചെയ്യുകയായിരുന്നു. വിളവെടുപ്പിന് ശേഷം ചീര സ്വന്തം വാഹനത്തില്‍ കയറ്റി സാധാരണക്കാര്‍ക്ക് സൗജന്യമായി നല്കി. ചീരക്കൊപ്പം പച്ചക്കറി വിത്തുകളും നല്കി.
Discussion about this post