കൊച്ചി: ടിക് ടോക്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചും കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും വീഡിയോ ചെയ്തതിന് സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ ഹനാനി പ്രതികരണവുമായി രംഗത്ത്. ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും. അവർ അവരുടെ വഴിക്ക് പോവുക എന്നതാണ്. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നാടിന്റെ പ്രശ്‌നങ്ങളാണെന്ന് തുടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് ഹനാനും തന്നെ വിമർശിക്കുന്നവർക്കുള്ള മറിപടിയായി നൽകുന്നത്.
റോഡരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽമീഡിയയിൽ ഹനാൻ ഹനാനി എന്ന വിദ്യാർത്ഥിനി വലിയ ചർച്ചയായത്. എന്റെ ടിക്‌ടോക്ക് രാഷ്ട്രീയം എന്ന പേരിൽ ഹനാൻ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെയാണ് കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം നടന്നത്.
‘ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണെന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം’. ഇങ്ങനെയാണ് ഹനാൻ വീഡിയോയിൽ പറഞ്ഞത്.
ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ ഹനാൻ പങ്കുവെച്ചതോടെ അധിക്ഷേപ കമന്റുകൾ നിറഞ്ഞു. പ്രധാനമായും ഹനാന്റെ ബുദ്ധിമുട്ടികൾ ചർച്ചയായ സമയത്ത് പ്രതിപക്ഷ നേതാവ് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നത്. അങ്ങനെ ലഭിച്ച വീട്ടിലിരുന്ന് വീഡിയോ ചെയ്യുന്നുവെന്നും കമന്റുകൾ വന്നു.
എന്നാൽ എൻറെ ടിക് ടോക്ക് രാഷ്ട്രീയം പാർട്ട് 2 എന്ന പേരിൽ പുതിയ വീഡിയോ പങ്കുവെച്ച ഹനാൻ, പ്രതിപക്ഷ നേതാവ് വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനം താൻ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. പഠിച്ച് നല്ല നിലയിൽ എത്തുമ്പോൾ ഒരു വീട് വയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹനാൻ പറഞ്ഞു. ഒരു സാധാരണക്കാരി എന്ന നിലയിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുമ്പോൾ നിങ്ങൾക്ക് യോജിക്കാം അല്ലെങ്കിൽ വിയോജിക്കാമെന്നും ഹനാൻ വീഡിയോയിൽ പറയുന്നു.