52കാരിയെ തടഞ്ഞ സംഭവം; കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു, പുറത്തിറങ്ങാനാകാതെ സമ്മര്‍ദ്ദത്തില്‍ നേതാവ്

വാറണ്ടില്ലാതെ കെ സുരേന്ദ്രനെ അധിക തടങ്കലില്‍ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

പത്തനംതിട്ട: സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ അധികവാദം കേള്‍ക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വ്യാഴാഴ്ച അധികവാദം കേള്‍ക്കുകയും ചെയ്തു.

വാറണ്ടില്ലാതെ കെ സുരേന്ദ്രനെ അധിക തടങ്കലില്‍ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ നവംബര്‍ 21 ന് സുരേന്ദ്രന് ജാമ്യം അനുവദിച്ച ദിവസം രാവിലെ ഏഴുമണിക്കു തന്നെ സുരേന്ദ്രനെതിരെയുള്ള വാറണ്ട് കൊട്ടാരക്കര സബ് ജയില്‍ സൂപ്രണ്ട് കൈപ്പറ്റി എന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടുണ്ട്. കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേസിലും ട്രെയിന്‍ തടഞ്ഞ കേസിലുമാണ് കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ 52 കാരിയെ തടഞ്ഞ കേസില്‍ ജാമ്യം ലഭിക്കാനാകാത്തതിനാല്‍ സുരേന്ദ്രന് അടു്തതെങ്ങും പുറത്തിറങ്ങാന്‍ കഴിയില്ല എന്ന അനുമാനത്തിലാണ്. തൃപ്തി ദേശായിയെ തടഞ്ഞതുള്‍പ്പെടെ നിരവധി കേസുകള്‍ സുരേന്ദ്രനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇനി ജാമ്യത്തിനായി സുരേന്ദ്രന് ഹൈക്കോടതിയെ അല്ലാതെ മറ്റാരു വഴിയും ഇല്ല.

Exit mobile version